കിഴക്കമ്പലം: കൊവിഡ് കാലത്ത് നോമ്പ് തുറപ്പിക്കുവാനും പൊലീസ്. ലോക്ക് ഡൗൺ നിലനിൽക്കുമ്പോൾ എത്തിയ റംസാൻ വിശ്വാസികൾക്ക് കൂടുതൽ പരീക്ഷണ കാലമായി മാറിയപ്പോഴാണ് വാഹന പരിശോധനയ്ക്കിടയിലും പൊലീസ് ആശ്വാസവുമായെത്തിയത്. നിർബന്ധിത സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടി വരുന്നവർക്ക് നോമ്പു തുറക്കാനുള്ള സൗകര്യമൊരുക്കുന്നത് അമ്പലമേട് പൊലീസ്. യുവ സാംസ്കാരിക വേദിയുടെ സഹകരണത്തോടെയാണ് നോമ്പു തുറ വിഭവങ്ങൾ പൊലീസ് നൽകുന്നത്. പൊലീസിന്റെ പ്രധാന റോഡുകളിലുള്ള ചെക്കിംഗ് കേന്ദ്രങ്ങളിൽ നോമ്പുതുറ സമയത്ത് എത്തുന്നവർക്കാണ് വിഭവങ്ങൾ നൽകുന്നത്. പള്ളികളിലും, ഇഫ്ത്താറുകളിൽ പങ്കെടുക്കുന്നതിനും ലോക്ക് ഡൗൺ വിലക്കുള്ളതിനാലാണ് ഇത്തരമൊരാശയം നടപ്പാക്കാൻ പൊലീസ് തീരുമാനിച്ചത്. കാരയ്ക്ക, കുടിവെള്ളം കൂടാതെ ചെറു പലഹാരങ്ങളും, പഴങ്ങളുമടങ്ങിയ കിറ്റാണ് വിതരണത്തിന് തയ്യാറാക്കിയത്. സി.ഐ വി.ഐ നിഷാദ് മോൻ,എസ്.ഐ ഷബാബ് കാസിം, യുവ സാംസ്കാരിക വേദി പ്രസിഡന്റ് കെ.എച്ച് ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും വിതരണം തുടരാനാണ് പൊലീസ് തീരുമാനം.