കൊച്ചി: കൊവിഡ് 19 പ്രതിരോധ പ്രവർത്തകർക്ക് ആദരമർപ്പിച്ച് കടമക്കുടിയിലെ കലാകാരന്മാർ (കാക്ക). പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും ശുചീകരണ പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും സംഗീത ആൽബത്തിലൂടെയാണ് 'കാക്ക' കലാകാരന്മാർ ആദരമർപ്പിക്കുന്നത്.
ആൽബത്തിന്റെ പ്രകാശനം കളക്‌ട്രേറ്റിൽ മന്ത്രി വി.എസ്.സുനിൽ കുമാർ നിർവഹിച്ചു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഗീത ആൽബങ്ങളിലൂടെ ജനങ്ങളിലേക്കെത്തിച്ച് ശ്രദ്ധ നേടിയിട്ടുള്ളതാണ് കടമക്കുടിയിലെ കലാകാരന്മാർ. കൊവിഡിന്റെ ഈ ദുരിതകാലത്ത് ലോകം മുഴുവൻ ബുദ്ധിമുട്ടിൽ കഴിയുമ്പോഴും കേരളത്തിലുള്ളവർക്ക് സമാധാനത്തോടെ കഴിയാൻ സാധിക്കുന്നത് ശക്തമായ പ്രതിരോധ പ്രവർത്തനം കൊണ്ടാണ്. ജീവിതം സേവനത്തിനായ് മാറ്റി വച്ച ഇവർക്ക് ആൽബം സമർപ്പിക്കുകയാണെന്ന് കലാകാരന്മാർ പറഞ്ഞു..
20 കലാകാരന്മാരാണ് അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. എ.എൻ. ഷെല്ലിയാണ് ഗാനരചന. ജോബി പ്രിമോസ് സംഗീതം നൽകിയിരിക്കുന്നു. എല്ലാവരും തന്നെ സ്വന്തം വീടുകളിൽ ഇരുന്നാണ് ഓരോ ജോലികളും പൂർത്തിയാക്കിയത്.