തോപ്പുംപടി: ജില്ലയിലെ വഴിയോരങ്ങൾ നിറയെ പൈനാപ്പിൾ. മൂന്നെണ്ണത്തിന് 50 രൂപ. പള്ളുരുത്തി മാർക്കറ്റിൽ ചെറിയ പെട്ടിഓട്ടോ റിക്ഷയിൽ വിൽപ്പന തകൃതി. മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി പോകാൻ കഴിയാത്തതിനെതുടർന്ന് പത്ത് ടൺ പൈനാപ്പിളാണ് വിൽപ്പനക്കായി എത്തിയിരിക്കുന്നത്. കിഴക്കൻ മേഖലകളിൽ നിന്ന് നാല് പേർ വാഹനത്തിൽ പെട്രോൾ നിറച്ച് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ കച്ചവടം നടത്തിയിട്ടും ചായ കാശ് പോലും ലഭിക്കില്ലെന്ന് കച്ചവടക്കാർ .കൊച്ചിയുടെ ഉൾവഴികളിൽ വരെ കച്ചവടക്കാർ എത്തി. മുസ്ളീം സമുദായത്തിന് നോമ്പ് കാലത്ത് ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവമാണ് പൈനാപ്പിൾ.
പള്ളിക്കര, വാഴക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വൻ തോതിൽ പൈനാപ്പിൾ കൊച്ചിയിലേക്ക് എത്തുന്നത്. . കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ഇല്ലാത്തതാണ് വൻതോതിൽ വില ഇടിയാൻ കാരണം. വാഴക്കുളം ഭാഗത്ത് പൈനാപ്പിൾ അച്ചാർ, ജാം, സ്കോഷ്, കേക്ക്, ഷെയ്ക്ക് തുടങ്ങിയവ നിർമ്മിച്ച് വിൽപ്പന നടക്കുന്നുണ്ട്. കർഷകർ നെട്ടോട്ടത്തിൽ റംസാൻ നോമ്പ് കാലത്തെ കച്ചവടം തകർന്നതിന്റെ മാനസിക ബുദ്ധിമുട്ടിലാണ് കർഷകർ. ബാങ്ക് വായ്പയും കൃഷിസ്ഥലത്തിന്റെ വാടകയും തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥ. കിഴക്കൻ മേഖലകളിലാണ് പൈനാപ്പിൾ വ്യാപകമായി കൃഷി ചെയ്യുന്നത്. വിളഞ്ഞ് പാകമായ ചക്കകൾ വിളവെടുക്കുന്നതോടെ പുതിയത് നടാനുള്ള വിത്തുകളും പാകപ്പെടുത്തി. ഇതിനായി ഏക്കറ് കണക്കിന് സ്ഥലമാണ് കർഷകർ പാട്ടത്തിനെടുത്തിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്ക് ചക്ക കയറ്റി പോകാത്തതിനെ തുടർന്ന് പുതിയ കൃഷിക്കായി ബാങ്കുകൾ വായ്‌പ നൽകില്ലെന്നാണ് കർഷകർ പറയുന്നത്. കിലോക്ക് 16 രൂപ നിരക്കിലാണ് മൊത്ത വിലക്ക് കച്ചവടക്കാർ എടുക്കുന്നത്. പെട്ടിഓട്ടോ റിക്ഷയിലും മറ്റുമാണ് പൈനാപ്പിൾ കൊണ്ടുവരുന്നത്. ഒരു വാഹനത്തിൽ 500 ഓളം പൈനാപ്പിളാണ് കയറ്റുന്നത്. നാല് കിലോ100 രൂപ നിരക്കിലാണ് പശ്ചിമകൊച്ചിയിൽ വില്പന നടന്നത്