pillai
മനോജ് പിള്ള - സ്‌മിത പിള്ള ദമ്പതികൾ ശേഖരിച്ചഅവശ്യവസ്തുക്കൾഅസിസ്റ്റന്റ് കമ്മിഷണർ പി.എസ്. സുരേഷ് ബാബു മട്ടാഞ്ചേരിയിൽ വിതരണം ചെയ്യുന്നു.

കൊച്ചി: ലോക്ക് ഡൗണിൽ കുടുങ്ങിയ പാവപ്പെട്ടവർക്ക് ആശ്വാസം പകരുകയാണ് എളമക്കര സ്വദേശികളായ ദമ്പതിമാർ. രണ്ടാഴ്ച മുമ്പാരംഭിച്ച സേവനം സുഹൃത്തുക്കളുടെ സഹായത്തോടെ ദിവസവും തുടരുകയാണ്.

ഇന്നലെ 75 കിറ്റുകളിൽ അവശ്യവസ്തുക്കൾ വീടുകളിലെത്തിച്ചു നൽകി. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ പി.എസ്. സുരേഷ് ബാബു, സി.ഐ. മനുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിതരണം. ഫോർട്ടുകൊച്ചിയിലെ മത്സ്യത്തൊഴിലാളികൾക്ക് 80 കിറ്റുകൾ കൈമാറി.

മനോജ് പിള്ള - സ്‌മിത പിള്ള ദമ്പതികളാണ് സേവനം നൽകുന്നത്. പൊലീസും അധികൃതരും നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലാണ് ദിവസവും അവശ്യവസ്തുക്കൾ എത്തിച്ചുനൽകുന്നത്. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിറ്റുകളിലാക്കും. രാവിലെ വാഹനത്തിൽ കയറ്റി നിശ്ചിച്ച സ്ഥലത്തെത്തിച്ച് വിതരണം ചെയ്യുകയാണ് പതിവെന്ന് ദമ്പതികൾ പറഞ്ഞു. സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്നാണ് അരി, പഞ്ചസാര, ഗോതമ്പ്, ചായപ്പൊടി, ഉള്ളി, സോപ്പ് തുടങ്ങിയവ സംഭരിക്കുന്നത്. ചേരികളിലും കോളനികളിലുമാണ് വസ്തുക്കൾ വിതരണം ചെയ്യുന്നത്.

സ്വകാര്യ സ്ഥാപനത്തിൽ ഡയറക്ടറാണ് മനോജ്. സ്‌മിത യോഗ പരിശീലകയുമാണ്. കഴിഞ്ഞ പ്രളയകാലത്തും സഹായങ്ങൾ ശേഖരിച്ചു വിതരണം ചെയ്തിരുന്നു.