ആലുവ: ആലുവ മെട്രോ സ്റ്റേഷൻ പരിസരത്തെ വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ലോറി മോഷ്ടിക്കുന്നതിനിടയിൽ വാഹന മോഷ്ടാവ് പിടിയിലായി. ആലുവ മാറമ്പിള്ളി സ്വദേശി ശ്രീക്കുട്ടൻ (30) ആണ് വെള്ളിയാഴ്ച രാത്രി പത്തോടെ പിടിയിലായത്.
വ്യാജതാക്കോൽ ഉപയോഗിച്ച് ലോറി സ്റ്റാർട്ട് ചെയ്ത ശേഷം കടത്താൻ ശ്രമിക്കുമ്പോൾ വീട്ടുകാർ എഴുന്നേറ്റ് മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് പ്രതിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ സ്റ്റേഷൻ ഇൻസ്പെക്ടർ സൈജു കെ. പോളിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു.
ആലുവ സ്റ്റേഷനിലും പുന്നപ്ര സ്‌റ്റേഷനിലും രണ്ട് വീതവും കോതമംഗലം, എറണാകുളം സെൻട്രൽ സ്‌റ്റേഷനുകളിൽ ഒന്ന് വീതവും കേസിൽ പ്രതിയാണ് ഇയാൾ. വാഹന മോഷണത്തോടൊപ്പം മയക്കുമരുന്ന് ഇടപാടുകളും ഇയാൾക്കുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.