അങ്കമാലി: റോഡരുകിൽ നിന്ന ടെലിഫോൺ പോസ്റ്റുകൾ ഊരി കടത്തിക്കൊണ്ടുപോയവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. തുറവൂർ ബി.എസ്.എൻ.എൽ ന്റെ പരിധിയിൽ വരുന്ന പെരിങ്ങാംപറമ്പു മുതൽ ശിവജിപുരം വരെ നിന്നിരുന്ന പന്ത്രണ്ട് പോസ്റ്റുകളാണ് പല രാത്രികളിലായി ഏഴംഗ സംഘം കടത്തിക്കൊണ്ടുപോയത്. പരാതിയെ തുടർന്ന് അങ്കമാലി പൊലീസ് അന്വേഷിച്ച് പോസ്റ്റുകൾ കണ്ടെത്തിയെങ്കിലും കേസെടുത്തില്ല. ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിബിൻ വർഗീസിന്റെയും പ്രസിഡന്റ് പ്രിൻസ് പോളിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊതുമുതൽ മോഷണത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ റൂറൽ പൊലീസ് സൂപ്രണ്ടിന് പരാതിയും നൽകി.