വൈപ്പിൻ : വൈപ്പിൻ നിയോജകമണ്ഡലത്തിലെ 6000 അനുബന്ധ മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് എസ്. ശർമ്മ എം.എൽ.എ അറിയിച്ചു. പെട്രോനെറ്റ് എൽ.എൻ.ജിയുടെ സി.എസ്.ആർ സ്‌കീമിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന തീരദേശവികസന കോർപ്പറേഷനാണ് നിർവഹണ ചുമതല. ആദ്യഘട്ടത്തിൽ എത്തിയ കിറ്റുകൾ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന് കൈമാറി. ഇവ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. മത്സ്യഭവൻ ഓഫീസർ , മത്സ്യക്ഷേമ നിധി ഓഫീസർ, മത്സ്യഫെഡ് പ്രൊജക്ട് ഓഫീസർ, വാർഡ്‌മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, എം.എൽ.എ ഓഫീസ് പ്രതിനിധി എന്നിവരുടെ നേതൃത്വത്തിലായിരിക്കും കിറ്റുകൾ വിവിധ വാർഡുകളിൽ വിതരണം നടത്തുന്നത്. പള്ളിപ്പുറം പഞ്ചായത്തിലേക്കുള്ള കിറ്റുകൾ തിങ്കളാഴ്ച കൈമാറുമെന്നും തുടർന്നുള്ള ദിവസങ്ങളിൽ ഇതര പഞ്ചായത്തുകളിലും കിറ്റുകൾ എത്തിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.