chennai-

ചെന്നൈ : തമിഴ്നാട്ടിൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചുനഗരങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സർക്കാരിന്റെ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി അവശ്യ സാധനങ്ങൾ വാങ്ങാൻ കൂട്ടത്തോടെ ജനങ്ങൾ നിരത്തിലിറങ്ങി. ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ സാധനങ്ങൾ വാങ്ങിക്കാൻ ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

സൂപ്പർ മാർക്കറ്റുകളിലും പലചരക്കു കടകളിലും അവശ്യ വസ്തുക്കൾ വാങ്ങാനായി ജനങ്ങൾ തിങ്ങി നിറഞ്ഞു. ഏപ്രിൽ 26 മുതൽ തമിഴ്നാട്ടിലെ അഞ്ചു നഗരങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കാനുളള സർക്കാർ തീരുമാനം ജനങ്ങളെയാകെ പരിഭ്രാന്തരാക്കിയതിനെ തുടർന്നാണിത്. കോയമ്പേട് മാർക്കറ്റിൽ അവശ്യ വസ്തുക്കൾ വാങ്ങാനായി ജനങ്ങൾ കൂട്ടത്തോടെ എത്തിയത് സാമൂഹ്യ അകലം പാലിക്കുന്നതിന് വിലങ്ങു തടിയായി. 133 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത റോയപുരം പോലുളള ഹോട്ട്സ്‌പോട്ട് പ്രദേശങ്ങളിൽ പലചരക്ക് കടകൾക്കു മുന്നിൽ ജനങ്ങളുടെ നീണ്ട ക്യൂവാണ്.

കൊവിഡ് വ്യാപനം തടയുന്നതിനാണ് തമിഴ്നാട് സർക്കാർ അഞ്ചു കോർപ്പറേഷനുകളിൽ നാലു ദിവസം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ 1,755 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതേ തുടർന്നു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ചെന്നൈ, കോയമ്പത്തൂർ, മധുര നഗരങ്ങളിൽ നാലു ദിവസവും സേലം, തിരുപ്പൂർ നഗരങ്ങളിൽ മൂന്നു ദിവസവുമാണ് ലോക്ക്ഡൗൺ. ചെന്നൈ, മധുര, കോയമ്പത്തൂർ നഗരങ്ങൾ ഏപ്രിൽ 26 ന് രാവിലെ 6 മുതൽ 29 ന് രാത്രി 9 മണിവരെ ലോക്ക്ഡൗണിൽ ആയിരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് അറിയിച്ചത്. സേലം, തിരുപ്പൂർ നഗരങ്ങൾ ഏപ്രിൽ 26 ന് രാവിലെ 6 മുതൽ 28 ന് രാത്രി 9 വരെ ലോക്ക്ഡൗണിൽ ആയിരിക്കും. നിലവിലെ നിയന്ത്രണങ്ങൾ ഇതോടൊപ്പം തുടരുമെന്നും സർക്കാർ വ്യക്തമാക്കി.

ചെന്നൈ, കോയമ്പത്തൂർ, മധുര, തിരുപ്പൂർ, സേലം അടക്കമുളള കോർപ്പറേഷൻ പരിധിയിലും കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവളളൂർ ജില്ലകളിലും പലചരക്ക് കടകളും മറ്റു അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും ശനിയാഴ്ച വൈകീട്ട് മൂന്നു മണിവരെ തുറന്നിരിക്കുമെന്ന് നിലവിലെ സാഹചര്യം പരിശോധിച്ചശേഷം മുഖ്യമന്ത്രി അറിയിച്ചു. ഇതേ തുടർന്നു ജനങ്ങൾ കൂട്ടത്തോടെ കടകളിലേക്ക് ഇറങ്ങുകയായിരുന്നു.