മൺപാത്ര നിർമ്മാണതൊഴിലാളികൾ ദുരിതത്തിൽ

കോലഞ്ചേരി: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയിലെ പ്രധാന കളിമൺ പാത്ര നിർമാണ കേന്ദ്രമായ ഊരമന പെരുവുംമൂഴി മേഖലകളിലെ വീടുകളിൽ നിർമ്മിച്ച മൺപാത്രങ്ങൾ വിൽക്കാനാവാതെ കുന്നു കൂടി കിടക്കുകയാണ്. ഉത്സവ കച്ചവടങ്ങൾക്കായി നിർമ്മിച്ചവയാണെല്ലാം.പൊങ്കാല കലങ്ങളും ഹോട്ടലുകളിലേക്കുള്ള 4 തരം ബിരിയാണി കുടുക്കകളും ഗ്‌ളാസ്, ജഗ്, ചട്ടി എന്നിവയുമൊക്കെ നിർമ്മിച്ച് പണിശാലകളിൽ അടുക്കി വച്ചിരിക്കുകയാണ്. കലങ്ങളും കുടങ്ങളും തീച്ചൂളയിൽ പാകമായെങ്കിലും ചൂള പൊളിക്കാതെ വച്ചിരിക്കുന്നു. പൊളിച്ചാൽ അടുക്കിവയ്ക്കാൻ സ്ഥലമില്ലെന്ന് കളിമൺ പാത്ര നിർമാതാവായ വാളകം കുന്നയ്ക്കാൽ ചേലമൂട്ടിൽ മോഹനകുഞ്ഞ് പറഞ്ഞു.സർക്കാർ പ്രഖ്യാപിച്ച ഇളവുകളോടെ വില്പന സ്ഥാപനങ്ങൾ തുറന്നെങ്കിലും വാഹനങ്ങളില്ലാത്തതിനാൽ ഒരാളു പോലും വാങ്ങാനെത്തുന്നില്ല. കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ കോലഞ്ചേരിയ്ക്കും മൂവാറ്റുപുഴയ്ക്കും ഇടയിലെ വിവിധ സ്ഥലങ്ങളിലാണ് വില്പന കേന്ദ്രങ്ങൾ. ആ വഴി കടന്നു പോകുന്ന ആളുകളായിരുന്നു കടകളിലെത്തിയിരുന്നത്.

#ലോക്ക് ഡൗൺ കഴിഞ്ഞാലും ഭീതി

സൗജന്യ റേഷൻ ലഭിച്ചതിനാൽ പട്ടിണിയില്ല. ലോക്ക് ഡൗൺ കഴിഞ്ഞുള്ള കാലത്തെയും ഇവർ ഭീതിയോടെയാണ് കാണുന്നത്. കളിമണ്ണ് ലഭ്യത ഇല്ലാത്തത് നിർമാണത്തിന് തടസമാവും. മഴ പെയ്താൽ കളിമണ്ണിന്റെ വരവു നിലയ്ക്കും. തൃശൂരിൽ നിന്നുമാണ് മണ്ണെത്തുന്നത്. ഒന്നര യൂണി​റ്റ് കളിമണ്ണിന് 11,500 രൂപയുണ്ടായിരുന്നത് 3 മാസം മുമ്പ് 16,500 ആയി ഉയർന്നു.

ഏപ്രിൽ, മേയ് മാസങ്ങളിലാണ് കളിമണ്ണ് ഖനനം നടക്കുന്നത്.

ലോക്ക് ഡൗൺ മൂലം ഈ സീസണിൽ തൊഴിലാളികൾക്കു മണ്ണെടുക്കാൻ പാടത്തിറങ്ങാൻ സാധിച്ചിട്ടില്ല.

എടുത്ത മണ്ണ് ജില്ലാ അതിർത്തി കടത്താൻ കടമ്പകളേറെ

ഒന്നര യൂണി​റ്റ് കളിമണ്ണിന് 11,500 രൂപയുണ്ടായിരുന്നത് 3 മാസം മുമ്പ് 16,500