# ഷിന്റുവിന് ജാമ്യം


തൃക്കാക്കര: പ്രളയ ദുരിതാശ്വാസ തട്ടിപ്പ് കേസിൽ അക്കൗണ്ട് പരിശോധനകൾ പൂർത്തിയായി. വിഷ്ണുപ്രസാദ് 73 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. അനർഹരുടെ ബാങ്ക് അക്കൗണ്ടിലൂടെ 27.73 ലക്ഷം രൂപ തട്ടിയതിന് പുറമേയാണിത്.

ആദ്യ പരിശോധനയിൽ 94 ലക്ഷം രൂപയുടെ കുറവാണ് കണ്ടെത്തിയത്. രസീത് പ്രകാരം ആകെ ലഭിച്ച 1.42 കോടി രൂപയിൽ 73 ലക്ഷം രൂപ കഴി​ച്ച് ബാക്കി​ തുക ട്രഷറി​ അക്കൗണ്ടി​ൽ എത്തി​യതായി​ പിന്നീട് സൂക്ഷ്മപരി​ശോധനയി​ൽ വ്യക്തമായി​.

അക്കൗണ്ട് സോഫ്‌റ്റ്വെയറിലെ സാങ്കേതിക പിഴവ് പരിഹരിച്ച് പുതിയ ഫണ്ട് അനുവദിക്കാൻ ആദ്യം അനുവദിച്ച തുക മടക്കി വാങ്ങിയതിലാണ് ക്രമക്കേട് കണ്ടെത്തിയത്.

തിരികെ വാങ്ങുന്ന പണത്തിന് ആദ്യ ഘട്ടത്തിൽ വിഷ്ണു ജൂനിയർ സൂപ്രണ്ടുമാർ ഒപ്പിട്ട രശീതാണ് നൽകിയത്. പിന്നീട് ആയിരത്തോള ഗുണഭോക്താക്കൾക്ക് വിഷ്ണു തന്നെ രസീത് ഒപ്പിട്ട് നൽകി പണം വകമാറ്റി. ട്രഷറിയിലെ രണ്ട് അക്കൗണ്ടുകളി​ൽ അടക്കേണ്ടതായി​രുന്നു പണം.

ഒരുമാസമായി അന്വേഷണ സംഘം ഒരുലക്ഷത്തിലേറെ അക്കൗണ്ടുകൾ പരി​ശോധി​ച്ചു.

ഓഫീസിൽ നിന്നും പിടിച്ചെടുത്ത ഫയലുകളി​ൽ നി​ന്നാണ് പുതിയ വെട്ടിപ്പ് കണ്ടെത്തിയത്. കണക്കുകൾ പരിശോധന കഴി​ഞ്ഞ ദി​വസം പൂർത്തിയായി. കൂടുതൽ അന്വേഷണങ്ങൾക്കായി റിമാൻഡി​ൽ കഴിയുന്ന വിഷ്ണുപ്രസാദിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.


# ഷിന്റു മാർട്ടിന് ജാമ്യം

പ്രളയ ദുരിതാശ്വാസ തട്ടിപ്പ് കേസിൽ കേസിലെ ഏഴാം പ്രതി ഷിന്റു മാർട്ടിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

# മൂന്ന് പേർ ഒളിവിൽ

തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗമായിരുന്ന എം.എം.അൻവർ, അൻവറിന്റെ ഭാര്യയും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ കൗലത്ത്, രണ്ടാംപ്രതി മഹേഷിന്റെ ഭാര്യ നീതു എന്നിവർ ഇപ്പോഴും ഒളിവിലാണ്.