ഇതുവരെ പിടിയിലായത് 10 പേർ
കൊച്ചി: ഗുണ്ടാനേതാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്‌റ്റിലായി. ആലുവ യു.സി കോളേജ് സ്വദേശി ദിലീപിനെയാണ് (23) സംസ്ഥാന തീവ്രവാദവിരുദ്ധസേനയുടെ (എ.ടി.എസ്) പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
പെരുമ്പാവൂർ സ്വദേശി കെ.എ. അനസിനെ കൊലപ്പെടുത്താൻ തമിഴ്‌നാട്ടിൽനിന്ന് ഗുണ്ടകളെ ഏർപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ആലുവ തടിക്കക്കടവ് കണ്ണാത്ത് ലിയാഖത്ത് (33) ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു. ദിലീപും ലിയാഖത്തും എ.ടി.എസിന്റെ കസ്റ്റഡിയിലാണ്. മൂന്നുലക്ഷം രൂപയ്ക്ക് ഗുണ്ടാനേതാവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്നാണ് കേസ്. തമിഴ്‌നാട് സ്വദേശികളായ ഏഴുപേരെയും ഇവർക്ക് വഴികാട്ടിയായ വരാപ്പുഴ സ്വദേശിയേയും മാർച്ചിൽ മുനമ്പം പൊലീസ് പിടികൂടിയിരുന്നു. ഇവർ സഞ്ചരിച്ച കാറും വാളും മറ്റ് മാരകായുധങ്ങളും പിടിച്ചെടുത്തു. തുടർന്ന് കേസ് എ.ടി.എസ് ഏറ്റെടുക്കുകയായിരുന്നു.