കൊച്ചി : മാലിന്യ കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയവീടിന്റെ ആധാരം. ശുചീകരണത്തൊഴിലാളി ഉടമസ്ഥന് കൈമാറി. അയ്യപ്പൻകാവിലെ പൗവ്വത്തിൽ റോഡിലെ താമസക്കാരനായ രാജാമണിയുടെ വീടിന്റെ ആധാരമാണ് നഗരസഭാ ശുചീകരണത്തൊഴിലാളിയായ സിന്ധുവിന് കിട്ടിയത്. നഗരസഭയുടെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തനിക്ക് ലഭിച്ച ആധാരം സിന്ധു രാജാമണിയെ കണ്ടെത്തി കൈമാറുകയായിരുന്നു. എസ്.ബി.ഐയുടെ കച്ചേരിപ്പടി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ രാജാമണിയുടെ പിതാവ് വിശ്വനാഥൻ കഴിഞ്ഞയാഴ്ച മരിച്ചു . പിതാവ് ഉപയോഗിച്ചിരുന്ന മുറി മരണാനന്തര ചടങ്ങുകൾക്കു ശേഷം ബന്ധുക്കൾ വൃത്തിയാക്കി. മാലിന്യങ്ങളും പഴയ സാധനങ്ങളും നഗരസഭയുടെ മാലിന്യ നീക്കത്തിന്റെ ഭാഗമായി കൊണ്ടുപോവുകയും ചെയ്തു. ഇതിൽ നിന്നാണ് സിന്ധുവിന് വീടിന്റെ ആധാരം ലഭിച്ചത്. ഇന്നലെ രാവിലെ സിന്ധു ആധാരം രാജാമണിക്ക് തിരികെ നൽകി.