കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഷുകൈനീട്ടം നൽകുന്നതിനായി താത്ക്കാലിക സൗകര്യം ഒരുക്കി വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് തുറന്ന കളക്ഷൻ സെന്ററിൽ ലഭിച്ച തുക ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ.മോഹനന് കൈമാറി. ഏപ്രിൽ 14 മുതൽ 24 വരെയുള്ള 10 ദിവസത്തിനുള്ളിൽ 1,51,000 രൂപയാണ് ലഭിച്ചത്. ജന്മനാ പേശീ ശോഷണ രോഗം ബാധിച്ച് കിടപ്പിലായ വെണ്ണല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ പൂജിത് കൃഷ്ണ മുതൽ നിരവധി വിദ്യാർത്ഥികളും വയോജനങ്ങളും ബാങ്കിൽ എത്തി ദുരിതാശ്വാസ നിധിയിലേക്ക് കൈനീട്ടം നൽകി. കൗൺസിലർ സി.ഡി.വത്സലകുമാരി, കെ.ടി. സാജൻ, ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ. മിറാജ്, എസ്.മോഹൻദാസ്, എം.എൻ. ലാജി എന്നിവർ സംസാരിച്ചു.