ഹവാന: ആദ്യം ഇറ്റലി, പിന്നെ സ്‌പെയിനടക്കമുള്ള രാജ്യങ്ങൾ. ഒടുവിലിതാ ദക്ഷിണാഫ്രിക്കയിലേക്കും പറന്നിറങ്ങിയിരിക്കുകയാണ് ക്യൂബയുടെ ആരോഗ്യ പ്രവർത്തകരുടെ സംഘം. കൊവിഡ് മഹാമാരിയെ തുരത്താൻ. 216 പേരടങ്ങുന്ന മെഡിക്കൽ സംഘത്തെയാണ് ക്യൂബ അയച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ 4,361 കൊവിഡ് കേസുകളും 86 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കരീബിയൻ രാജ്യങ്ങളിലേക്കും ഇതുവരെ 1200 ആരോഗ്യ പ്രവർത്തകരെയാണ് ക്യൂബ അയച്ചിട്ടുണ്ട്.
നേരത്തെ കൊവിഡ് പ്രതിരോധത്തിനായി ദക്ഷിണാഫ്രിക്ക മെഡിക്കൽ സാമഗ്രികൾ ക്യൂബയിലേക്ക് കയറ്റി അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്യൂബയുടെ മെഡിക്കൽ സംഘം ദക്ഷിണാഫ്രിക്കയിലെത്തിയിരിക്കുന്നത്. അതേസമയം, തൊഴിലാളികളെ ചൂഷണം ചെയ്യുന്നെന്നാരോപിച്ച് അമേരിക്ക മറ്റു രാജ്യങ്ങളോട് ക്യൂബയുടെ സഹായം സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മിക്ക രാജ്യങ്ങളും ഈ നിർദ്ദേശം പാടെ തള്ളിയിരിക്കുകയാണ്.
മുൻവർഷങ്ങളിൽ പല സമയത്തായി ക്യൂബ ദരിദ്ര രാജ്യങ്ങൾക്ക് പകർച്ച വ്യാധികളും മഹാമാരികളും വരുന്ന ഘട്ടത്തിൽ സഹായമെത്തിച്ചിട്ടുണ്ട്. കരീബിയൻ രാജ്യമായ ഹെയ്തിയിൽ കോളറ പടർന്ന ഘട്ടത്തിൽ പ്രതിരോധത്തിന് മുൻനിരയിൽ ക്യൂബയിലെ ഡോക്ടർമാരുമുണ്ടായിരുന്നു. 2010 ൽ വെസ്റ്റ് ആഫ്രിക്കയിൽ എബോള പടർന്ന ഘട്ടത്തിലും ക്യൂബൻ മെഡിക്കൽ രംഗം സഹായത്തിനെത്തി.നിലവിൽ ക്യൂബയിൽ 1337 കൊവിഡ് കേസുകളും 51 മരണങ്ങളും ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.