കൊച്ചി: ലോക്ക് ഡൗണിന് ശേഷം നിരത്തിലിറങ്ങിയാലും നഷ്ടമില്ലാതെ സർവ്വീസ് തുടരണമെങ്കിൽ സർക്കാർ കനിയണമെന്ന് ഉടമകൾ. നികുതി ഒഴിവാക്കുന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമ‌ർപ്പിച്ച് കാത്തിരിക്കുകയാണ് അവർ. റോഡ് നികുതി ഒഴിവാക്കാനുള്ള ജി ഫോം പല ബസുടമകളും ഇതിനോടകം പൂരിപ്പിച്ചു നൽകിക്കഴിഞ്ഞു.

നിയന്ത്രണങ്ങളോടെ ബസ് സർവീസ് നടത്താൻ നേരത്തെ സർക്കാർ അനുമതി നൽകിയെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചു.

ബസുകൾ വീണ്ടും നിരത്തിലിറക്കാൻ അറ്റകുറ്റപ്പണി വേണം. നിലവിൽത്തന്നെ ഈ വ്യവസായം ലാഭകരമല്ല. ഇത് ചൂണ്ടിക്കാട്ടി അനിശ്ചിതകാല ബസ് സമരം തുടങ്ങാനിരിക്കെയാണ് ലോക്ക് ഡൗൺ വന്നത്.

വായ്പ കുടിശിക കൂടിയാവുന്നതോടെ പലരും ഈ മേഖലയിൽ നിന്ന് പിന്തിരിയാനിടയുണ്ടെന്ന് ബസുടമകൾ തന്നെ പറയുന്നു.

# ബസുടമകളുടെ ആവശ്യം

ആറുമാസത്തേക്കെങ്കിലും നികുതി ഒഴിവാക്കണം

പകുതി വിലയ്ക്ക് ഡീസൽ അനുവദിക്കണം

തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള വിഹിതം ഒരു വർഷത്തേയ്ക്ക് ഒഴിവാക്കണം

ഫിറ്റ്‌നസ് പുതുക്കൽ ആറുമാസത്തേയ്ക്ക് നീട്ടണം

യാത്രക്കാർക്ക് മാസ്‌കും സാനിറ്റൈസറും സർക്കാർ നൽകണം

#നഷ്ടം കുറയ്ക്കാൻ ജി ഫോം

ഗതാഗത വകുപ്പിന്റെ അനുമതിയോടെ നികുതി ഒഴിവാക്കി താൽക്കാലികമായി സർവ്വീസ് നിറുത്തിവെക്കാനാണ് ജി ഫോം നൽകുന്നത്. മൂന്ന് മാസം മുതൽ ഒരു വർഷം വരെ ബസുകൾ ഇങ്ങിനെ സൂക്ഷിക്കാം. എപ്പോൾ വേണമെങ്കിലും സർവീസ് പുനരാരംഭിക്കുകയുമാകാം.

# ബാദ്ധ്യത താങ്ങാനാവില്ല

ബസ് ഇനി നിരത്തിലിറക്കണമെങ്കിൽ അറ്റകുറ്റപ്പണിക്ക് ചുരുങ്ങിയത് 30,000 രൂപ ചെലവ് വരും. സാമ്പത്തികസഹായം സർക്കാർ നൽകണമെന്ന അപേക്ഷയുമുണ്ട്. '

എം.ബി സത്യൻ

സംസ്ഥാന പ്രസിഡന്റ്

ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ