കൊച്ചി: വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് 'പ്രവാസി മനസിനൊപ്പം: അവർ അന്യരല്ല, നമുക്കൊപ്പം' എന്ന മുദ്രാവാക്യമുയർത്തി ബെന്നി ബെഹനാൻ എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് ജനപ്രതിനിധികൾ ഇന്ന് രാവിലെ പത്തുമുതൽ വൈകിട്ട് 4 വരെ നെടുമ്പാശേരി വിമാനത്താവളത്തിന് മുന്നിൽ ധർണ നടത്തും.
എം.എൽ.എ മാരായ അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ, എൽദോസ് കുന്നപ്പള്ളി എന്നിവർ പങ്കെടുക്കും. കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.
എ.കെ. ആന്റണി, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ വീഡിയോ കോൺഫറൻസിലൂടെ സമരത്തെ അഭിവാദ്യം ചെയ്യും. ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കുന്ന സമരവേദിയിലേക്ക് പ്രവർത്തകർ എത്തരുതെന്ന് ബെന്നി ബെഹനാൻ അഭ്യർത്ഥിച്ചു.