കോലഞ്ചേരി: നയന മനോഹരമായ വെള്ളിത്തിരയിൽ പ്രദർശനം തുടരുന്നു. സോറി... കാണികൾക്ക് പ്രവേശനമില്ല. ലോക്ക് ഡൗണാണെങ്കിലും തീയറ്ററുകളിൽ ദിവസവും സിനിമ പ്രദർശനമുണ്ട്. കാരണം മറ്റൊന്നുമല്ല, പൂർണ്ണമായി അടച്ചിട്ടാൽ പിന്നെ തുറക്കേണ്ടിവരില്ല. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു.ഒരു മണിക്കൂറെങ്കിലും സിനിമയോ, ട്രെയിലറോ ഓടിക്കും. കാഴ്ചക്കാരില്ലാത്ത ഈ പ്രദർശനം പ്രൊജക്ടറുകളെയും ശബ്ദ സംവിധാനത്തെയും സംരക്ഷിക്കാനാണ്. പ്രൊജക്ടർ നിർമിക്കുന്ന കമ്പനി തന്നെ എല്ലാവർക്കും ഇത്തരം നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറുകൾ വേണ്ടരീതിയിൽ പരിപാലിക്കുന്നതോടൊപ്പം യു.പി.എസ്. ചാർജ് ചെയ്യണം. സ്‌ക്രീനുകളും നാശമാകാതെ നോക്കണം.
തുടർച്ചയായി ഇത്രയുംദിവസം അടച്ചിടേണ്ടിവരുന്നത് ആദ്യമായാണ്.
തീയറ്ററുകൾ അടച്ചിട്ട സാഹചര്യത്തിലും വൈദ്യുതി നിരക്കു നല്കേണ്ടതാണ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നത്. ഒരു തീയറ്ററിന് ദിനം പ്രതി പത്തു യൂണിറ്റിൽ താഴെ മാത്രമാണ് ഇപ്പോൾ വൈദ്യുതി ഉപയോഗം. എങ്കിലും മിനിമം തുകയ്ക്ക് മാറ്റം ഇല്ല. ലോക്ക് ഡൗൺ കാലയളവിൽ ഫിക്‌സഡ് ചാർജ്ജ് കൂടി കൂട്ടുമ്പോൾ ലക്ഷക്കണക്കിനു വരുന്ന തുകയുടെ നഷ്ടമാണ് സംഭവിക്കുന്നത്. വൈദ്യുതി ബിൽ, വിനോദ നികുതി, കെട്ടിട നികുതി എന്നിവ അടക്കാൻ 3 മാസത്തെ സാവകാശം വേണമെന്നാണ് ഉടമകളുടെ ആവശ്യം.