മൂവാറ്റുപുഴ : പൈനാപ്പിൾ ലോഡുമായി പോയ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുൻകരുതലിന്റെ ഭാഗമായുള്ള സ്രവപരിശോധനക്കായി വാഴക്കുളം പ്രദേശത്തെ 20 പേരിൽ നിന്ന് സാമ്പിൾ ശേഖരിച്ചു. നിരീക്ഷണത്തിലുള്ളവരിൽ നിന്ന് രോഗം പകരാൻ താരതമ്യേന സാദ്ധ്യത കൂടുതലെന്ന് വിലയിരുത്തി 30 പേരുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയിരുന്നു. ഇതിൽ പലരും രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരാണ്. ഇവരിൽ മഞ്ഞള്ളൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന 20 പേരെയാണ് ഇന്നലെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് സ്രവം ശേഖരിച്ചത്. ഇതിനിടെ ഇന്നലെ ആറുപേർ കൂടി നിരീക്ഷണത്തിലായതോടെ പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം നൂറ് കടന്നു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്നതും ഇവർ സമീപ പ്രദേശത്തെ പല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി ചിതറി താമസിക്കുന്നവരായതും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി ദുഷ്കരമാക്കുകയാണ്. ഇവരെയെല്ലാം കണ്ടെത്തുകയെന്ന തീവ്രശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ.