തൃപ്പൂണിത്തുറ: ചലച്ചിത്ര താരം മണികണ്ഠൻ ആർ. ആചാരിക്ക് പ്രണയസാഫല്യമായി. ഇന്നലെ എരൂർ അയ്യമ്പിള്ളിക്കാവിലെ ക്ഷേത്രത്തിൽ വച്ച് മരട് സ്വദേശിനി അഞ്ജലിയുടെ കഴുത്തിൽ താരം മിന്നുചാർത്തി.
ലോക്ക് ഡൗണായതിനാൽ ലളിതമായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഏതാനും പേർ മാത്രമാണ് പങ്കെടുത്തത്. മമ്മൂട്ടി ഉൾപ്പടെ നിരവധി പ്രമുഖർ ഫോണിലൂടെ ആശംസകൾ അറിയിച്ചു.
ഏതാനും വർഷം മുൻപ് ഒരു ഉത്സവത്തിനാണ് അഞ്ജലിയെ ആദ്യമായി മണികണ്ഠൻ കണ്ടത്. പിന്നീട് ഇഷ്ടം തുറന്നു പറയുകയായിരുന്നു. ആറു മാസം മുൻപ് വിവാഹം നിശ്ചയിച്ചതാണ്. കൊവിഡിന്റെ പേരിൽ നീട്ടിവയ്ക്കേണ്ടന്നായിരുന്നു ഇരുവരുടെയും നിലപാട്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ മണികണ്ഠൻ വിവാഹവിശേഷങ്ങൾ പങ്കുവച്ചിരുന്നു. മരട് ശാസ്ത്രി നഗറിൽ മണപ്പാട്ട് വീട്ടിൽ മോഹനൻ, സുനിത ദമ്പതികളുടെ മകളാണ് അഞ്ജലി. അഖിൽ അനുജനാണ്.
വിവാഹച്ചെലവുകൾക്കായി മാറ്റിവച്ച തുകയിൽ അര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എം.സ്വരാജ് എം.എൽ.എ തുക ഏറ്റുവാങ്ങി.
രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികൾക്ക് പ്രിയങ്കരനായത്. ഈ ചിത്രത്തിലെ അഭിനയത്തിന് 2016ലെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. അലമാര, കാർബൺ, ശുഭരാത്രി, ഈട, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തു. കഴിഞ്ഞ വർഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ തമിഴിലും സാന്നിദ്ധ്യം അറിയിച്ചു.