മൂവാറ്റുപുഴ: ഇതര സംസ്ഥാനങ്ങളിലേയ്ക്ക് മൂവാറ്റുപുഴയിൽ നിന്ന് ലോഡുമായി പോയിവരുന്ന ലോറികളിലെ ചില ജീവനക്കാർ, അനുബന്ധ ജോലി ചെയ്യുന്ന തൊഴിലാളികൾ എന്നിവർ കൊവിഡ് 19 ജാഗ്രതാ നിർദേശം പാലിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ലോറി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ലോറി ഡ്രൈവർമാരും തൊഴിലാളികളും ആരോഗ്യവിഭാഗത്തിൽ വിവരം അറിയിക്കാതെ വീടുകളിലേയ്ക്ക് പോകുന്നത് സംബന്ധിച്ച് പരാതി ഉയരുന്നു. കൊവിഡ് 19 സുരക്ഷാ മുൻകരുതലില്ലാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോറികളിൽ ലോഡ് കയറ്റിപ്പോകുന്ന സ്ഥിതിയുണ്ട്. ലോറികൾ അണുവിമുക്തമാക്കി ജോലി ചെയ്യുന്നതിന് ഇത്തരക്കാർക്ക് ആരോഗ്യവിഭാഗം ജാഗ്രതാ നിർദ്ദേശം നൽകി മറ്റ് ലോറി ഡ്രൈവർമാരുടെയും ജനങ്ങളുടെയും ആശങ്കയകറ്റണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.