കൊച്ചി: കൊവിഡിനെതിരായ പോരാട്ടത്തിൽ നൂറുദിനം പിന്നിടുമ്പോൾ പ്രതിരോധത്തിന്റെ പ്രതീകമാവുകയാണ് എറണാകുളം മെഡിക്കൽ കോളേജ്. രോഗം, പ്രതിരോധം കരുതൽ, വേർപാട്, ചേർത്തുനിർത്തലുമായി നൂറു ദിവസങ്ങളിൽ മെഡിക്കൽ കോളേജ് ഏറെ മാറി. പുതിയ ചികിത്സാ ശൈലികളുടെയും ഗവേഷണത്തിന്റെയും പാതയിലാണ് മെഡിക്കൽ കോളേജ്.
ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച കേരളത്തിൽ ആദ്യദിവസങ്ങളിൽത്തന്നെ ഇവിടെ ഐസൊലേഷൻ വാർഡ് സംവിധാനമൊരുങ്ങി. ചൈനയിൽ നിന്ന് വിദ്യാർത്ഥികൾ എത്തിയപ്പോൾ മുതൽ കൊവിഡ് പ്രതിരോധത്തിന് സജ്ജമായിരുന്നു മെഡിക്കൽ കാേളേജ്.
പ്രായമായവർക്ക് മരണകാരണമാവുന്ന കൊവിഡിൽ നിന്ന്നും അവരെ സുരക്ഷിതമായി രോഗവിമുക്തമാക്കിയ നേട്ടവും എറണാകുളം മെഡിക്കൽ കോളേജിന്റെ രേഖകളിലുണ്ട്. കൊവിഡ് സ്ഥിരീകരിച്ച യു.കെ പാരൻ ബ്രയാൻ നീലിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേ ശക്തമായ ശ്വാസതടസമുണ്ടായിരുന്നു. കടുത്ത ന്യുമോണിയ ബാധിച്ച അദ്ദേഹത്തെ എച്ച്.ഐ.വി ചികിത്സക്കുക്കുള്ള മരുന്ന് ഉപയോഗിക്കാൻ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ കാണിച്ച ആത്മവിശ്വാസമാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 1800 പേരെയാണ് മെഡിക്കൽ കോളേജിൽ സ്‌ക്രീനിംഗിന് വിധേയമാക്കിയത്. ഇവരിൽ ഇരുന്നൂറോളം പേരെ കിടത്തി ചികിത്സിച്ചു. വികസിതമായ ചികിത്സാരീതി മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യകളെയും കൂട്ടുപിടിച്ചായിരുന്നു ഡോക്ടർമാരുടെ പ്രവർത്തനം. ദക്ഷിണ കൊറിയൻ മാതൃകയിൽ തദ്ദേശീയമായി വിസ്‌ക് കിയോസ്‌കുകൾ വികസിപ്പിച്ചത് മെഡിക്കൽ കോളേജിലെ ഡോക്ടർമാരായിരുന്നു. രാജ്യമൊട്ടാകെയുള്ള ആരോഗ്യപ്രവർത്തകരുടെ സുരക്ഷക്കായി വിസ്‌ക് കിയോസ്‌ക് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നതും മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ്. റോബോട്ടിക് സംവിധാനവും മെഡിക്കൽ കോളേജിന്റെ ഭാഗമാണിപ്പോൾ. കർമിബോട്ട് എന്ന കുഞ്ഞൻ റോബോട്ട് രോഗികളുമായുള്ള ആരോഗ്യപ്രവർത്തകരുടെ ഇടപെടലുകൾ സാരമായി കുറക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ പേരിലേക്ക് പരിശോധന വ്യാപിപ്പിക്കാൻ തീരുമാനിച്ചപ്പോൾ വൈറസ് പരിശോധനക്കുള്ള ആർ.ടി പി.സി.ആർ ലബോറട്ടറിയും സജ്ജമാക്കി.
150 ആരോഗ്യ പ്രവർത്തകരാണ് ദിവസേന പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പീറ്റർ പി.വാഴയിൽ, പ്രിൻസിപ്പൽ ഡയറക്ടർ ഡോ. തോമസ് മാത്യു, ആർ.എം.ഒ ഡോ.ഗണേശ് മോഹൻ, കൊവിഡ് നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ എന്നിവരാണ് ചികിത്സയ്‌ക്ക് നേതൃത്വം നൽകുന്നത്.