college

കൊച്ചി: ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ അവസാന സെമസ്റ്റർ പരീക്ഷകളുടെ നടത്തിപ്പിനും മൂല്യനിർണയത്തിനും ഫലപ്രഖ്യാപനത്തിനുമാവണം ലോക്ക് ഡൗൺ അവസാനിച്ചാൽ സർവകലാശാലകൾ മുൻഗണന നൽകേണ്ടതെന്ന് സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ ശുപാർശ.

നഷ്ടമായ ദിവസങ്ങൾ കണക്കാക്കി ക്ളാസുകൾ ക്രമീകരിക്കണമെന്നും ഡോ. ബി. ഇക്ബാൽ അദ്ധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ലോക്ക് ഡൗൺ മാർച്ച് 20ന് ആരംഭിച്ചതിനെത്തുടർന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ആറംഗ സമിതിയെ ഏപ്രിൽ 16 നാണ് നിയോഗിച്ചത്. ഡോ. വൃന്ദ വി. നായർ കൺവീനറും,ഡോ. സാബു തോമസ്, ഡോ.പി.പി. അജയകുമാർ, എ. നിശാന്ത്, ഡോ.സി.സി. ബാബു എന്നിവർ അംഗങ്ങളുമാണ്.

മറ്റ് പ്രധാന

നിർദേശങ്ങൾ

*അവസാന സെമസ്റ്റർ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിക്കാൻ സുരക്ഷാ സൗകര്യങ്ങളോടെ കേന്ദ്രീകൃത മൂല്യനിർണയം നടത്തണം. വീടുകളിൽ മൂല്യനിർണയം പ്രായോഗികമല്ല.

*മേയ് മൂന്നിനു ശേഷവും ലോക്ക് ഡൗൺ തുടർന്നാൽ മൂല്യനിർണയത്തിന് ഉചിതമായ ക്രൈസിസ് മാനേജ്മെന്റ് സ്വീകരിക്കാം.

*മൂല്യനിർണയം ഡിജിറ്റലായി ചെയ്യുക പ്രായോഗികമല്ല. മുഴുവൻ അദ്ധ്യാപകരും ക്യാമ്പുകളിലെത്തി ചുരുങ്ങിയ ദിവസം കൊണ്ട് പൂർത്തിയാക്കണം.

*സെമസ്റ്റർ പരീക്ഷകൾക്ക് എത്ര അദ്ധ്യയന ദിവസങ്ങൾ ആവശ്യമെന്ന് വിലയിരുത്തി അടുത്ത വർഷത്തെ ബാധിക്കാതെ ക്ളാസുകൾ ക്രമീകരിക്കണം.

* ആരോഗ്യനിർദ്ദേശങ്ങൾ കർശനമായി പാലിച്ചേ ക്ളാസുകൾ നടത്താവൂ.

*. പരീക്ഷകളുടെ മുൻഗണന നിശ്ചയിച്ച് ലോക്ക് ഡൗൺ തീർന്ന് ഒരാഴ്ചയ്ക്കകം ടൈംടേബിൾ പ്രസിദ്ധീകരിക്കണം. ക്ളാസുകൾ പൂർത്തിയാകാത്തവ, കഴിഞ്ഞവ, പൂർത്തിയാക്കി നടത്തേണ്ടവ എന്നിങ്ങനെ മുൻഗണന നൽകണം.

*വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്നവർക്ക് കോൺടാക്ട് ക്ളാസുകളും പരീക്ഷയ്ക്ക് ബദൽ ക്രമീകരണങ്ങളും ഒരുക്കണം. അസാപ്പിന്റെ ഓൺലൈൻ പ്ളാറ്റ്ഫോം ഉപയോഗിച്ച് ക്ളാസെടുക്കണം.

*പ്ളസ് ടു ഫലം പ്രസിദ്ധീകരിച്ച ശേഷം ബിരുദ കോഴ്സുകളിലും ബിരുദഫലത്തിന് ശേഷം പി.ജി കോഴ്സുകളിലും പ്രവേശനം ജൂലായ് ഒന്നിന് ശേഷം ആരംഭിക്കാനാവും.

*അടുത്ത വർഷത്തെ അക്കാഡമിക്, കോ കരിക്കുലർ കലണ്ടർ വർഷാരംഭത്തിൽ തയ്യാറാക്കണം.

* പ്രവേശനം, അദ്ധ്യയനം, ആന്തരിക മൂല്യനിർണയം തുടങ്ങിയവയ്ക്ക് ഏകീകൃത രീതി സ്വീകരിക്കണം.

.* വിദ്യാർത്ഥികളുടെ സർഗാത്മക, യൂണിയൻ പ്രവർത്തനങ്ങൾ നഷ്ടപ്പെടാതെ വേണം ക്രമീകരണങ്ങൾ.