ആലുവ: കുട്ടമശേരിയിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ ഇടിമിന്നലിൽ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വയോധികന് നേരിയ തോതിൽ പൊള്ളലേറ്റു. നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു.
കുട്ടമശേരി ചൊവ്വര ഫെറിക്ക് സമീപം കണ്ണമ്പുഴ വീട്ടിൽ കെ.ഒ. ജോർജിന് (65) ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയുണ്ടായ ഇടിമിന്നലിനാണ് നേരിയ പൊള്ളലേറ്റത്. വീടിനകത്തെ ഭിത്തിയിൽ ചാരിയിരിക്കുകയായിരുന്ന ജോർജിന്റെ ശരീരത്തിൽ കരിവാളിച്ച പാടുണ്ടായി. കെ.എസ്.ഇ.ബിയുടെ മീറ്റർ ബോക്‌സ് തകർന്നതിന് പുറമെ വീടിന്റെ പുറം ചുമരിൽ വിള്ളലുണ്ടായി. കുട്ടമശേരി തുരുത്തിക്കാട് പള്ളിപ്രം വീട്ടിൽ അബ്ദുറഹിമിന്റെയും, കുട്ടമശേരി കീഴ്മാട് സർക്കുലർ റോഡിൽ മുട്ടത്തുചാലിൽ സെയ്ദ് മുഹമ്മദിന്റെയും വീടുകൾക്കും കേടുപാട് സംഭവിച്ചു.
ഇരുവീടുകളുടേയും ഭിത്തികൾ അടർന്നുവീണു. അബ്ദുറഹീമിന്റെ വീടിന്റെ ഭിത്തിയിൽ ദ്വാരം വീണിട്ടുണ്ട്. സെയ്ദ് മുഹമ്മദിന്റെ വീടിന്റെ ഭിത്തിക്കും ജനൽ പാളികൾക്കും തകരാർ സംഭവിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ചെറിയ രീതിയിൽ മിന്നലിന്റെ തീവ്രത അനുഭവപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. ആലുവ മേഖലയിൽ കനത്ത മഴയും കാറ്റുമാണ് ഉണ്ടായത്. മണിക്കൂറുകളോളം വൈദ്യുതിയും മുടങ്ങി.