jobin-thomas-21

പിറവം: രാമമംഗലം പുഴയിലെ തോട്ടപ്പിള്ളിൽ കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു. പള്ളിക്കര ഇടയനാൽ തോമസിന്റെ മകൻ ജോബിൻ തോമസ് (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് സഹോദരൻ അബിൻ തോമസിനും സുഹൃത്തുക്കൾക്കുമൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.

സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്തംഗം രഞ്ജിത് വിജയകുമാർ, രാമമംഗലം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ബേബി.പി.എം തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാർ വള്ളം ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ ജോബിനെ കണ്ടെത്തി കരയ്‌ക്കെത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി. ഉടനെ കോലഞ്ചേരി മെഡിക്കൽ മിഷനിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് മൂവാറ്റുപുഴ താലൂക്കാശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌കാരം വൈകിട്ട് മോറക്കാല പള്ളി സെമിത്തേരിയിൽ. മാതാവ്: ലിസി (രാമമംഗലം).