ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഓഫീസിൽ തിരിച്ചെത്തി ചുമതലകൾ ഏറ്റെടുക്കും. കൊവിഡ് ഗുരുതരമായി ബാധിച്ച ശേഷമാണ് ബോറിസ് ജോൺസൺ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്. രോഗമുക്തനായി വീട്ടിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെയും ബോറിസ് പ്രധാനമന്ത്രിയുടെ ചുമതല വീട്ടിൽ നിന്നു നിർവഹിക്കുകയായിരുന്നു.
കൊവിഡ് ബാധിതനായ ശേഷം ബോറിസ് ജോൺസൺ മൂന്ന് ദിവസം ഐ.സി.യുവിൽ പ്രത്യേക ചികിത്സയ്ക്ക് വിധേയനായിരുന്നു. ഇപ്പോൾ അദ്ദേഹം പൂർണ ആരോഗ്യവാനാണ്. വീഡിയോ കോൺഫറൻസിലൂടെയെല്ലാം ദിനംപ്രതിയുള്ള കാര്യങ്ങൾ നീക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
അതേസമയം, ബ്രിട്ടനിൽ കോവിഡ് മരണങ്ങൾ കഴിഞ്ഞ ദിവസം ഇരുപതിനായിരവും കടന്നിരുന്നു. ഇതോടെ,യൂറോപ്പിൽ ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്ക് ബ്രിട്ടനും ചേർന്നു. നഴ്‌സിംഗ് ഹോമുകളിലും കമ്മ്യൂണിറ്റികളിലും മരിച്ചവരുടെ എണ്ണം ഈ കണക്കിലില്ലെന്നാണ് റിപ്പോർട്ട്. ഇതുവരെ രണ്ടായിരത്തോളം ആളുകൾ നഴ്‌സിംഗ് ഹോമുകളിലും മറ്റും മരിച്ചതായി സർക്കാർ സമ്മതിക്കുന്നുണ്ട്. എന്നാൽ എണ്ണായിരത്തിലധികം ആളുകൾ ഹോമുകളിലും മറ്റും മരിച്ചിട്ടുണ്ടെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകളുടെ വെളിപ്പെടുത്തൽ.