കൊച്ചി : ആശങ്ക അകന്നെങ്കിലും ജാഗ്രത കൈവിടാതെ എറണാകുളം. മൂന്ന് ആഴ്ച പിന്നിടുമ്പോൾ പുതിയ ഒരു കേസ് പോലും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡ് രോഗം ബാധിച്ച് നിലവിൽ, ചികിത്സയിലുള്ളത് രണ്ട് പേർ മാത്രമാണ്. ഇതിൽ ഒരാളുടെ പരിശോധന ഫലം ഇന്നലെ നെഗറ്റീവ് അയിരുന്നു. 36 ദിവസമായി ചികിത്സയിലുള്ള മലപ്പുറം സ്വദേശിയുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. എന്നിരുന്നാലും ഇദ്ദേഹം ചികിത്സയിൽ തുടരും. ഇനി രണ്ട് പരിശോധ ഫലം കൂടി നെഗറ്റീവായാൽ മാത്രമേ ആശുപത്രി വിടാൻ സാധിക്കുകയുള്ളൂ. എറണാകുളം സ്വദേശിയാണ് ചികിത്സയിലുള്ള മറ്റൊരാൾ. 22ന് ഷാർജയിൽ നിന്നും എത്തിയ യുവാവ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രോഗലക്ഷണൾ പ്രകടമാകുകയും ഏപ്രിൽ 2ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ജില്ലയിൽ, 17 പേരാണ് പുതുതായി നിരീക്ഷണ പട്ടികയിൽ ഒൾപ്പെടുത്തിയിട്ടുള്ളത്. നിരീക്ഷണ കാലയളവിൽ ഇന്നലെ 46 പേരെ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ, 341 പേരാണ് ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 97 പേർ ഹൈ റിസ്കിലും 244 പേർ ലോ റിസ്കിലുമാണ്. ഇന്നലെ ഒരാളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ക്ഷയരോഗ പരിശോധനയ്ക്ക് വേണ്ടിയുള്ള സിബിനാറ്റ് മെഷീൻ ഉപയോഗിച്ചുള്ള കൊവിഡ് സാമ്പിൾ പരിശോധന എറണാകുളത്ത് ആരംഭിച്ചിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളേജിൽ ഇന്നലെ ഏഴ് സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി. സിബിനാറ്റ് മെഷീനിൽ ഉപയോഗിക്കാനായി 360 കിറ്റുകൾ ഇറക്കുമതി ചെയ്തിട്ടുള്ളത്.
പെന്റാ മേനക ക്ലീനാക്കി ഫയർഫോഴ്സ്
കൊച്ചി നഗരത്തിലെ പ്രാധാന വ്യാപാര കേന്ദ്രമായ പെന്റാ മേനക അണുവിമുക്തമാക്കി ഫയർ ഫോഴ്‌സ്. കൊച്ചി കോർപ്പറേഷന്റെ ആവശ്യപ്രകാരം ഇന്ന് രാവിലെയാണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി കടകൾ അണുവിമുക്തമാക്കിയത്.ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ ബഹുനില വ്യാപാര സമുച്ചയമായ പെന്റാ മേനക അടഞ്ഞ് കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇളവുകളിൽ ഇവിടുത്തെ കടകൾക്കും തുറന്ന് പ്രവൃത്തിക്കാൻ അനുമതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചി കോർപ്പറേഷൻ കെട്ടിടം അണുവിമുക്തമാക്കണമെന്ന് ആവശ്യവുമായി ഫയർഫോഴ്‌സിനെ സമീപിച്ചത്. എറണാകുളം മാർക്കറ്റും സമാനമായി അണുവിമുക്തമാക്കുമെന്ന് ഫയർഫോഴ്‌സ് അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്ന ജോലികൾ നേരത്തെ നടത്തിയിരുന്നു.
അതേസമയം, ജില്ലയിൽ ഇളവുകളുടെ അടിസ്ഥാനത്തിൽ വ്യാപാര സ്ഥാപനങ്ങൾ പലതും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും കനത്ത ജാഗ്രതയിലാണ് ജില്ല. പൊലീസ് പരിശോധന ശക്തമാണ്. ഇന്നലെ പെന്റാ മേനകയും നഗരത്തിലെ ഇലക്ട്രോണിക്‌സ് കടകളും തുറന്നിരുന്നു. ഇവിടങ്ങളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ബ്രോഡ്വേയിൽ കടകൾ തുറന്നെങ്കിലും ഇന്നലെ വ്യാപാരം ഒന്നും നടന്നിരുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് പൊലീസ് പരിശോധന കൂടുതൽ ശക്തമാക്കിയിട്ടുള്ളത്. കടകൾ തുറക്കാൻ അനുമതി ലഭിച്ചത് ജില്ലയിലെ ആയിരക്കണക്കിനെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമായിട്ടുണ്ട്.