കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കൊട്ടിഘോഷിച്ച് പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും പനമ്പിള്ളിനഗർ മഹാത്മാ കോളനി നിവാസികൾ അവഗണനയിൽ. അടുത്ത മഴക്കാലത്തും തോട് കരകവിഞ്ഞൊഴുകി കിടപ്പാടങ്ങൾ മുങ്ങുമോയെന്ന ആശങ്കയിലാണ് കോളനി നിവാസികൾ. നഗരസഭ മുതൽ കളക്ടർ വരെ അധികാരികളെ സങ്കടം അറിയിച്ചിട്ടും നടപടികളില്ല.
നഗരത്തിലെ ആഡംബരമേഖലയായ പനമ്പിള്ളിനഗറിനോട് ചേർന്നാണ് മഹാത്മാ കോളനി. കോയിത്തറ തോടിനോട് ചേർന്നാണ് കോളനി. . മഴക്കാലത്ത് മരിച്ചയാളുടെ മൃതദേഹം മുട്ടൊപ്പം വെള്ളത്തിലൂടെയാണ് വീട്ടിൽ അന്ന് എത്തിച്ചത്.
ചെളിയും മാലിന്യങ്ങളും അടിഞ്ഞാണ് തോടിന്റെ ആഴം കുറഞ്ഞതെന്ന് പരിസരവാസികൾ പറഞ്ഞു. ചെളി നീക്കി കോളനി നിവാസികളെ രക്ഷിക്കാൻ ആരും തയ്യാറായിട്ടില്ല. പോളപ്പായലും നിറഞ്ഞിട്ടുണ്ട്. അടുത്ത മഴയിൽ കോളനി വീണ്ടും മുങ്ങുന്നതിന് മുമ്പേ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഒറ്റ മഴയ്ക്ക് തന്നെ കോളനിയിൽ വെള്ളം കയറും. തോട് വൃത്തിയാക്കണമെന്നും കഴിഞ്ഞ പ്രളയത്തിൽ കഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 10,000 രൂപ സഹായം നൽകണമെന്നും ജില്ലാ കളക്‌ടറോട് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
കരിദിനം ആചരിച്ചു
വെള്ളക്കെട്ട് ഒഴിവാക്കണമെന്നും പ്രളയ കാലത്ത് ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്ത എല്ലാവർക്കും ദുരിതാശ്വാസം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബി.ഡി.ജെ.എസിന്റെ നേതൃത്വത്തിൽ മഹാത്മാ കോളനിയിൽ കരിദിനം ആചരിച്ചു.
പ്രതിഷേധ യോഗം മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാക്കളായ പി.എസ് ഷാജീവൻ, കെ.ജെ ജോസഫ്, ബി.ഡി.ജെ.എസ് നേതാക്കളായ അർജുൻ ഗോപിനാഥ്. സമോദ് കൊച്ചുപറമ്പിൽ, വിവേക് വൈറ്റില, ഷനൽകുമാർ, ആശാ ജോസഫ്, റീന സണ്ണി, ജാനുശശി തുടങ്ങിയവർ നേതൃത്വം നൽകി.
ചെളി നിറഞ്ഞ തോട് മഴ പെയ്താൽ കവിഞ്ഞൊഴുകും.
കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ വീടുകളെല്ലാം മുങ്ങി.
കുടുംബങ്ങളെ പനമ്പിള്ളിനഗർ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലാണ് താമസിപ്പിച്ചത്.
ഒരു കുടുംബത്തിന് പോലും നയാപ്പൈസ ആശ്വാസമായി ലഭിച്ചില്ല