കൊച്ചി : ആലപ്പുഴക്കാരൻ അഫ്സലിന് പൊലീസിനെയും പട്ടാളത്തെയും പെരുത്തിഷ്ടമാണ്. കൊവിഡ് രോഗ കാലത്തെ കേരള പൊലീസിന്റെ സേവനങ്ങളെക്കുറിച്ച് എത്ര പറഞ്ഞാലും അഫ്സലിന് മതിയാവില്ല. ഒരു ചാർട്ട് പേപ്പറും കളർ പെൻസിലും സംഘടിപ്പിച്ച് ഒരു പോസ്റ്റർ വരച്ചുണ്ടാക്കി. "കേരള പൊലീസിന് ബിഗ് സല്യൂട്ട്.." ആലപ്പുഴ സക്കറിയ ബസാർ ജംഗ്ഷനിൽ ലജനത്ത് വാർഡിൽ പുത്തൻപറമ്പിൽ പരേതനായ കെ.എം. ഷെരീഫിന്റെയും സൈനബയുടെയും നാലു മക്കളിൽ മൂത്തവനാണ് അപ്പുവെന്ന അഫ്സൽ. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ സെക്യൂരിറ്റിക്കാരനായിരുന്നു. ലോക്ക് ഡൗൺ വന്നതോടെ പണി പോയി. ഇപ്പോൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പോസ്റ്ററുകൾ തയ്യാറാക്കി നൽകുന്നു. പൊലീസും സന്നദ്ധ പ്രവർത്തകരും വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതിയാണ് ശരണം.
ആലപ്പുഴയിലെ സ്കൂൾ ഒഫ് ആർട്സിൽ നിന്ന് ചിത്രരചന പഠിച്ച അഫ്സൽ ആറ് വർഷത്തോളം സൗദിയിൽ ആർട്ടിസ്റ്റായി ജോലി നോക്കി. ഗൾഫ് യുദ്ധകാലത്ത് അമേരിക്കൻ പട്ടാളക്കാരുടെ ക്യാമ്പിലേക്ക് അവർ ആവശ്യപ്പെട്ടതനുസരിച്ച് പ്ളൈവുഡിൽ ഒരു കുരിശ് നിർമ്മിച്ചു നൽകിയത് അഫ്സൽ ഒാർത്തെടുക്കുന്നു. "സമ്മാനമായി സ്വർണമോതിരമാണ് അവർ നൽകിയത്. നാട്ടിലെത്തിയപ്പോൾ അതു പെങ്ങൾക്ക് കൊടുത്തു" - അഫ്സൽ പറയുന്നു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാപകലില്ലാതെ തെരുവിൽ പണിയെടുക്കുന്ന കേരള പൊലീസിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നാണ് അഫ്സലിന്റെ പരാതി. ആലപ്പുഴ ട്രാഫിക് പൊലീസിനുവേണ്ടി മുമ്പ് സൈൻ ബോർഡുകൾ തയ്യാറാക്കി നൽകിയിരുന്നു. പൊലീസുമായുള്ള ബന്ധം അന്നുമുതൽ തുടങ്ങിയതാണ്. ഉമ്മയും സഹോദരങ്ങളും ഉൾപ്പെടുന്നതാണ് കുടുംബം.
"എല്ലാ ദിവസവും ഉമ്മയെ വിളിക്കും. സുഖവിവരങ്ങൾ അന്വേഷിക്കും. കൊവിഡ് കാലം കഴിയട്ടെ, ഉമ്മയെ പോയി കാണണം. ഒരു പണി കണ്ടുപിടിക്കണം." അഫ്സൽ ശുഭ പ്രതീക്ഷയിലാണ്.