ugc

കൊച്ചി: ഉന്നത വിദ്യാഭ്യാസരംഗത്ത് ഡിജിറ്റൽ പഠനവും പരീക്ഷയും മൂല്യനിർണയവും നടപ്പാക്കാൻ, ഐ.ടി അറ്റ് സ്കൂൾ പദ്ധതി ഐ.ടി @എഡ്യൂക്കേഷൻ എന്നാക്കി വിപുലീകരിക്കണമെന്ന് ഡോ.ബി. ഇക്ബാൽ കമ്മിറ്റി ശുപാർശ ചെയ്തു.

ഡിജിറ്റൽ പഠനത്തിന് നൂതന സാങ്കേതിക സംവിധാനങ്ങളില്ലാത്ത അവസ്ഥയിലാണ് സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഡിജിറ്റൽ പഠന, പരീക്ഷാ, മൂല്യനിർണയ രീതി ഭാവിയിൽ ആവശ്യമാണ്. സർവകലാശാലകളിലും കോളേജുകളിലും ഡിജിറ്റൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം.

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൃത്യമായ പരിശീലനം നൽകണമെന്നും കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

മറ്റ് ശുപാർശകൾ

* പുറംകരാർ ഏജൻസികളെ ഏല്പിക്കാതെ ഡിജിറ്റൽപഠനം സർവകലാശാലകൾ നേരിട്ട് നടപ്പാക്കണം

* പരീക്ഷയുടെ രഹസ്യസ്വഭാവവും സുതാര്യതയും നിലനിറുത്തണം

* യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടും മാർഗനിർദ്ദേശങ്ങളും സ്വീകരിക്കണം

* പാഠ്യപദ്ധതി, അദ്ധ്യയനരീതി, മൂല്യനിർണയം എന്നിവയ്ക്ക് സ്വതന്ത്ര സോഫ്‌ട്‌വെയറുകൾ ഉപയോഗിക്കണം

* മൊബൈൽ ആപ്പ്, നെറ്റ്‌വർക്ക് ഉപയോഗത്തിന് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ധനസഹായം നൽകണം

* ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിദഗ്ദ്ധരെയും വൈസ് ചാൻസലർമാരെയും അക്കാഡമിക് ഭരണ, പരീക്ഷാ ചുമതലയുള്ളവരെയും പങ്കെടുപ്പിച്ച് ശില്പശാലകൾ നടത്തണം

* സർവകലാശാലകളിൽ ചോദ്യബാങ്ക്, ഓൺലൈൻ ചോദ്യപ്പേപ്പർ, അദ്ധ്യാപകർക്ക് വീട്ടിലിരുന്ന് മൂല്യനിർണയം

നടത്താൻ ഓൺലൈൻ ഡെസ്ക് ടോപ്പ് സംവിധാനം ഒരുക്കണം

* മാർക്ക് രേഖപ്പെടുത്താൻ മൊബൈൽ ആപ്പ് ഉപയോഗിക്കണം

* സാങ്കേതിക സംവിധാനങ്ങൾ സർവകലാശാലകൾക്ക് നേരിട്ട് ചെയ്യാൻ കഴിയില്ലെങ്കിൽ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെ സഹായം തേടാം