mushtak

കറാച്ചി: അഞ്ചു ദിവസം നീളുന്ന ടെസ്റ്റിൽ ബാറ്റ്‌സ്മാനെ എങ്ങനെ പുറത്താക്കണമെന്ന് അശ്വിന് അറിയാം. നിശ്ചിത ഓവർ ക്രിക്കറ്റിലേക്കാൾ കടുപ്പമായ ടെസ്റ്റിൽ ഇത്രയും നന്നായി പെർഫോം ചെയ്യുന്ന ഒരാളെ എന്തു കൊണ്ട് പരിഗണിക്കുന്നില്ല. ആശ്ചര്യത്തോടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത് മറ്റാരുമല്ല പാക് ഇതിഹാസ സ്പിൻ ബൗളർ സഖ്‌ലൈൻ മുഷ്താക്കാണ്. ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റ് ടീമിൽ നിന്നും പരിചയസമ്പന്നനായ അശ്വിനെ ഒഴിവാക്കിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് സഖ്‌ലൈൻ പറയുന്നത്.

റണ്ണൊഴുക്ക് പിടിച്ചുനിർത്താൻ ഏതു ബൗളർക്കും കഴിയും. എന്നാൽ എങ്ങനെ വിക്കറ്റെടുക്കണമെന്ന് അറിയാവുന്ന ബൗളർക്കു റൺസും തടയാൻ സാധിക്കും. അശ്വിന് ഇവ രണ്ടുമറിയാം. അദ്ദേഹത്തെ നിങ്ങൾക്കു എങ്ങനെ പുറത്തു നിർത്താൻ കഴിയുന്നു. ഏറ്റവും മികച്ച താരങ്ങൾക്കു നിങ്ങൾ പിന്തുണ നൽകിയേ തീരൂ. കളിമികവിന്റെ കാര്യം പരിഗണിക്കുകയാണെങ്കിൽ അശ്വിനോളം മികവുള്ള സ്പിന്നർ നിലവിൽ ഇന്ത്യക്കില്ലെന്നും മുഷ്താഖ് പറയുന്നു.നാട്ടിൽ നടക്കുന്ന ടെസ്റ്റുകളിൽ അശ്വിനാണ് ഇന്ത്യ കൂടുതൽ പരിഗണന നൽകുന്നത്. എന്നാൽ, വിശേ പര്യടനങ്ങളിൽ അദ്ദേഹത്തിനെ ഒഴിവാക്കുന്നു.

നിലവിലെ ഇന്ത്യയുടെ നിശ്ചിത ഓവർ ടീമിലുള്ള സ്പിന്നർമാരിൽ കുൽദീപ് യാദവാണ് കൂടുതൽ മിടുക്കനെന്നു മുഷ്താഖ് അഭിപ്രായപ്പെട്ടു. എന്നാൽ അശ്വിന്റെ നിലവാരത്തിൽ താരം എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അശ്വിനു ശേഷം ഇന്ത്യ നിരവധി സ്പിന്നർമാരെ പരീക്ഷിച്ചു. പക്ഷേ, അവരൊന്നും അദ്ദേഹത്തിന്റെ അത്ര കഴിവുള്ളവരായിരുന്നില്ലെന്നും മുഷ്താഖ് ചൂണ്ടിക്കാട്ടി. ഹർഭജൻ സിംഗും അശ്വിനും ഒരുമിച്ച് കളിച്ചിരുന്നെങ്കിൽ അതൊരു മാരക കോമ്പോ ആയി മാറുമായിരുന്നു. എന്നാൽ അശ്വിന്റെ വരവോടെ ഹർഭജനെ ഇന്ത്യ ഒഴിവാക്കിയത് ശരിയായില്ലെന്നും മുഷ്താഖ് അഭിപ്രായപ്പെട്ടു.2017നു ശേഷം അശ്വിൻ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല.