കോലഞ്ചേരി:കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി മറുനാട്ടിൽ നിന്നുള്ള ചരക്ക്,ടാങ്കർ ലോറികൾ അമ്പലമുകളിൽ തങ്ങുന്നു. റിഫൈനറി, എഫ്.എ.സി.ടി യിലേയ്ക്കുമാണ് വലിയ വാഹനങ്ങൾ എത്തുന്നത്. ഇവ റോഡരികിൽ നിർത്തിയിട്ടശേഷം തൊഴിലാളികൾ കറങ്ങിനടക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ഇവർ പാലിക്കുന്നില്ല. സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടുന്നു. ഇവർ കൂട്ടമായി റോഡരുകിലിരുന്നാണ് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറികളാണധികവും.ചിത്രപ്പുഴ മുതൽ കുഴിക്കാട് വരെ വാഹനങ്ങളുടെ നീണ്ട നിരയുണ്ട്.എഫ്.എ.സി.ടി യും റിഫൈനറിയും കമ്പനിക്കകത്ത് പ്രവേശിക്കുന്ന ലോറികൾക്ക് സാനി​റ്റൈസേഷനുൾപ്പെടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പുറത്ത് പാർക്ക് ചെയ്യുന്ന മ​റ്റു സംസ്ഥാന ലോറികളുടെ കാര്യത്തിൽ പരിശോധനകൾക്ക് സംവിധാനമില്ല. മണിക്കൂറുകൾ പുറത്ത് വിശ്രമിച്ചശേഷമാണ് വാഹനങ്ങൾ കമ്പനിക്കകത്തേക്ക് പോകുന്നത്. നൂറുകണക്കിന് ലോറികൾ ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അമ്പലമുകൾ വ്യവസായ മേഖലയിൽ കർശന പരിശോധന ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.