bumrah

മുംബയ്: ഐ.പി.എല്ലിന്റെ വരവോടെയാണ് ഇന്ത്യയിലെ യുവ ക്രിക്കറ്റ് താരങ്ങളുടെ തലവര തന്നെ മാറി മറിഞ്ഞത്. ഇന്ന് ഇന്ത്യൻ ടീമിൽ പലരും സ്ഥാനം ഉറപ്പിച്ചതും ഐ.പി.എല്ലിലെ തിളക്കമാർന്ന പ്രകടനത്തിലൂടെ തന്നെ. എന്തിനേറെ പറയുന്നു. സ്ഥാനം നഷ്ടപ്പെട്ട പല താരങ്ങളും ഈ സീസണിൽ നടക്കേണ്ടിയിരുന്ന ഐ.പി.എല്ലിലൂടെ തിരികെ നീലക്കുപ്പായത്തിൽ എത്താനുള്ള പരിശ്രമത്തിലുമായിരുന്നു. എന്നാൽ, ബൗളിംഗ് റാങ്കിൽ ഒന്നാം സ്ഥാനക്കാരാനായ ബുംമ്ര പറയുന്നത് ഐ.പി.എൽ അല്ലാ തന്റെ കരിയർ ബ്രേക്ക് ഉണ്ടാക്കിയതെന്നാണ്.

യുവരാജ് സിംഗുമായുള്ള ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിക്കെയാണ് ബുംമ്ര ഇക്കാര്യം വ്യക്തമാക്കിയത്. ഐ.പി.എല്ലിൽ നടത്തിയ പ്രകടനമാണ് തന്നെ ഇന്ത്യൻ ടീമിലെത്തിച്ചതെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, ഇതു വെറും കെട്ടുകഥയാണ്. ഐ.പി.എല്ലിൽ അരങ്ങേറിയ ശേഷം ആഭ്യന്തര ക്രിക്കറ്റിൽ താൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇതേ തുടർന്നാണ് ദേശീയ ടീമിലേക്കു വിളി വരുന്നതെന്ന് ബുംമ്ര പറഞ്ഞു. 2013ൽ മുംബയ് ഇന്ത്യൻസിലൂടെയാണ് ഐ.പി.എല്ലിലെത്തുന്നത്. വിജയ് ഹസാരെ ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും നടത്തിയ മികച്ച പ്രകടനങ്ങളെ തുടർന്നാണ് 2016ൽ ദേശീയ ടീമിൽ ഇടം ലഭിച്ചതെന്നും പേസർ വിശദമാക്കി.

അടുത്ത രണ്ടു വർഷത്തേക്കു എല്ലാ ഫോർമാറ്റിലും ഒന്നാം റാങ്കിലെത്തുകയെന്നതാവണം പ്രധാന ലക്ഷ്യമെന്നായിരുന്നു ചാറ്റിൽ ഇന്ത്യൻ ഇതിഹാസം യുവി യുവ താരത്തോട് പറഞ്ഞു. 2016ലാണ് ബുംമ്ര ഏകദിനത്തിലും ടി20യിലും ഇന്ത്യക്കു വേണ്ടി ആദ്യമായി കളിക്കുന്നത്. എന്നാൽ ടെസ്റ്റ് അരങ്ങേറ്റത്തിന് പേസർക്കു രണ്ടു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. 64 ഏകദിനങ്ങളിൽ നിന്നും 104ഉം 14 ടെസ്റ്റുകളിൽ നിന്നും 68 വിക്കറ്റുകളും ബുംറ നേടിയിട്ടുണ്ട്.