മങ്കൊമ്പ്: വിളവെടുപ്പ് കഴിഞ്ഞിട്ടും നെല്ല് സംഭരിക്കുന്നില്ലെന്ന് പരാതി. ആലപ്പുഴയിലെ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ 375 ഏക്കറുള്ള വേണാട്ടുകാട് മാടത്താനിക്കരി പാടശേഖരത്തിലെ നെല്ലാണ് സംഭരിക്കാത്തത്. 210ഓളം വരുന്ന ചെറുകിട കർഷകരാണ് ഈ പാടശേഖരത്തിൽ കൃഷിചെയ്യുന്നത്.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും നെല്ലെടുക്കാൻ സിവിൽ സപ്ലൈസ് അധികൃതരുടെയും മില്ലുകാരുടെയും ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. വേനൽമഴ കനത്തതോടെ കർഷകർ ആശങ്കയിലുമാണ്. മഴപെയ്യുന്നത് നെല്ലിന് നനവും കിളിർപ്പും ഉണ്ടാകാൻ ഇടയാക്കും എന്നതാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത്. എത്രയുംവേഗം നെല്ല് സംഭരണം ആരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.