tablets

ഹൈദരാബാദ്: ചുമ, ജലദോഷം, ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾക്കായി മെഡിക്കൽ ഷോപ്പുകളിൽ വരുന്നവരെ നിരീക്ഷിക്കുന്നതിനായി ആന്ധ്രാപ്രദേശ് ആപ്പ് വികസിപ്പിച്ചെടുത്തു. മെഡിക്കൽ ഷോപ്പുകൾ അത്തരം വ്യക്തികളുടെ വിശദാംശങ്ങൾ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യണം. ഇതിലൂടെ വിവരങ്ങൾ ശേഖരിച്ചു സർക്കാർ ഡോക്ടർമാർക്ക് രോഗികളെ ചികിത്സയ്ക്കായി എത്തിക്കാൻ കഴിയും.

കൊവിഡ് -19 സ്റ്റേറ്റ് കമാൻഡും കൺട്രോൾ റൂമും എല്ലാ ഫാർമസി സ്റ്റോറുകളെയും അവരുടെ മൊബൈൽ ഫോണുകളിലൂടെ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു. ജലദോഷം, ചുമ, ശ്വസനം തുടങ്ങിയ പ്രശ്നങ്ങൾക്ക് മരുന്ന് വാങ്ങുന്ന ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നത് തെലങ്കാന സർക്കാരും നിർബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് വൈറസ് ലക്ഷണങ്ങളുള്ള ആളുകൾ പരിശോധനയ്ക്ക് പോകുന്നതിനുപകരം പനി, ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ വാങ്ങുന്നു എന്ന് ശ്രെദ്ധയിൽ പെട്ടതോടെയാണിത്. കൊവിഡ് വൈറസ് ആന്ധ്രയിൽ അതിവേഗം പടരുന്ന സാഹചര്യമാണ്. 27 രാവിലെ വരെ സംസ്ഥാനത്ത് 1,177 പോസിറ്റീവ് കേസുകളുണ്ട്.തെക്കൻ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം മരണങ്ങൾ സംഭവിക്കുന്നത്. തെലങ്കാനയിൽ 25 ഉം തമിഴ്‌നാട്ടിൽ 24 ഉം മരണം നടന്നു. അന്ധ്രായിൽ ഇതുവരെ 31 പേർ മരണത്തിനു കീഴടങ്ങി.

അതേസമയം, ജില്ലകൾ, സംസ്ഥാനങ്ങൾ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ യാത്ര ചെയ്യേണ്ടിവരുന്ന ആളുകൾക്ക് പൊലീസ് ഇ-പാസുകൾ നൽകുമെന്ന് ഡിജിപി ഗൗതം സവാങ് പറഞ്ഞു. ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷകൾ പ്രകാരം പാസ്സ് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാരണങ്ങൾ പരിശോധിച്ചു നടപടി സ്വീകരിക്കും.