chakka
സൗജന്യമായി വിതരണം ചെയ്യാൻ വീടിനു മുന്നിൽ വച്ച ബോർഡ്

കോലഞ്ചേരി: അനുവാദമില്ലാതെ ചക്കയെടുക്കാം. ഒന്നു വീതം മാത്രം.

സ്വാദിഷ്ടമായ തേൻ വരിക്ക, താമര ചക്ക ഗേറ്റിനു പിന്നിലുണ്ട്. ദക്ഷിണ റെയിൽവെ എറണാകുളം ഡിവിഷനിലെ ലോക്കോ പൈലറ്റ് പ്രകാശ് ബാബു ഞായറാഴ്ച ഗേറ്റിനു മുന്നിൽ വച്ച ബോർഡാണിത്. മണിക്കൂറുകൾക്കുള്ളിൽ പറിച്ചു വച്ച ചക്കകൾ തീർന്നു, പിന്നെ വന്നവർക്ക് പ്ളാവിൽ നിന്ന് പറിച്ചെടുക്കാനുള്ള അനുമതിയും കൊടുത്തു. സംഭവം നവമാദ്ധ്യമങ്ങളിൽ ചർച്ചയുമായി.

അടുത്ത സുഹൃത്താണ് ചക്ക പറിച്ചു നല്കിയത്. ഉച്ചയോടെ അവ തീർന്നു. വൈകിയെത്തിയവരെയും വെറു കൈയ്യോടെ വിട്ടില്ല. തോട്ടി കൊണ്ട് പറയ്ക്കാവുന്നത് പറിച്ചു കൊടുത്തു. നല്ല മധുരമുള്ള ഇനമാണ്. 26 വർഷമായി ലോക്കോ പൈലറ്റാണ് പി.എൻ പ്രകാശ് ബാബു. പതിനഞ്ചു വർഷമായി എറണാകുളത്തുണ്ട്. തൃശൂർ പുതുക്കാട്ടാണ് വീട്. ഗുരുവായൂർ എറണാകുളം റൂട്ടിലാണ് ജോലി. കോട്ടയം ക്ഷീര വികസന വകുപ്പിലെ ജോലിക്കാരിയായ ഭാര്യ ഭാമയും. മക്കൾ നീരജും ആശിഷും പ്രകാശിനു പിന്തുണയുമായുണ്ട്.

കച്ചവടക്കാർ വന്ന് നല്ല വില പറഞ്ഞതാണ്. പക്ഷേ ആ പണം വേണ്ടെന്ന് വച്ചു. പലർക്കും നേരിട്ട് ചോദിക്കാൻ മടി കാണുമെന്ന് മനസ്സിലാക്കിയാണ് ഗേറ്റിൽ ബോർഡ് വച്ചത്. നാട്ടുകാർക്ക് തന്നാലാകും വിധം ലോക്ക് ഡൗണിനിടയിൽ നല്കാൻ കഴിഞ്ഞ എളിയ സഹായം മാത്രം.

പ്രകാശ് ബാബു