ചെന്നൈ: പൊലീസിന്റെ കണ്ണുവെട്ടിച്ച് കട തുറന്ന് മുടിവെട്ടിക്കൊടുത്ത ബാർബർക്ക് കൊവിഡ് സ്ഥീരികരിച്ചു. രോഗം പടരുന്നതിനാൽ കർശനമായ ലോക്ക് ഡൗൺ ചൈന്നയിൽ തുടരുമ്പോഴാണ് കോയമ്പേഡിൽ നിന്ന് ഇത്തരമൊരു ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. മുടിവെട്ടാനായി എത്തിയ ഈറോഡിൽ നിന്നുള്ള ഒരു ട്രക്ക് ഡ്രൈവറിൽ നിന്നാണ് ബാർബർക്ക് രോഗം പകർന്നതെന്ന് കരുതുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഈ ബാർബർ ഷാപ്പിലെത്തിയ മറ്റ് ഏഴുപേരെ നിരീക്ഷണത്തിലാക്കി. ബാർബർക്ക് രോഗം സ്ഥിരീകരിച്ചതോടെ നിരവധി പേർ സ്വമേധയാ പരിശോധനയ്ക്കായി മുന്നോട്ടു വന്നിട്ടുണ്ട്. ബാർബറെ കിൽപാക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കി.
ബാർബർ ഷോപ്പ് തുറക്കാൻ പാടില്ലെന്ന് നിർദേശമുണ്ടെങ്കിലും ഇയാൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് തുറക്കുകയായിരുന്നു. ഇടുങ്ങിയ തെരുവിലാണ് കട പ്രവർത്തിച്ചിരുന്നത് എന്നതിനാൽ പൊലീസ് പട്രോളിംഗ് ആ ഭാഗത്ത് കുറവായിരുന്നു. ഇത് മുതലെടുത്താണ് ഇയാൾ രഹസ്യമായി കട തുറന്ന് പ്രവർത്തിപ്പിച്ചത്.