പറവൂർ :കൊവിഡ് 19ന്റെ സാഹചര്യത്തിൽ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് സേവനങ്ങൾ ഇനിമുതൽ ഓൺലൈനിൽ ലഭിക്കും. ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തിലെയും നഗരസഭയിലെയും പട്ടികജാതി കുടുംബങ്ങൾക്ക് സേവനം പ്രയോജനപ്പെടുത്താം. ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റൽ (ആൺകുട്ടികൾ), ഏഴിക്കര ഗവ.പ്രീമെട്രിക് ഹോസ്റ്റൽ (പെൺകുട്ടികൾ), ഗവ. നഴ്സറി സ്കൂൾ കോട്ടുവള്ളി, ഗവ. നഴ്സറി സ്കൂൾ പെരുമ്പടന്ന എന്നിവിടങ്ങളിലെ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങളും പ്രവേശന നടപടികളും ഓൺലൈനിൽ ലഭ്യമാകും. വാട്സാപ്പിലൂടെ വിവിധ പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാം. അപേക്ഷാഫോമുകൾ വാട്സാപ്പിലൂടെ നൽകും.
വിവിധ തദ്ദേശസ്ഥാപനങ്ങളിലും മറ്റ് ഓഫിസുകളിലും നൽകേണ്ട സാക്ഷ്യപത്രങ്ങൾക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പി.ഡി.എഫ് രൂപത്തിലും ടൈപ്പ് ചെയ്ത് അയക്കാവുന്ന രീതിയിലും ഓൺലൈനിലൂടെ നൽകാം. എല്ലാ ആഴ്ചയും മുൻകൂട്ടി നൽകുന്ന സമയങ്ങളിൽ ആവശ്യക്കാർക്ക് ലൈവ് ഫോൺ ഇൻ പ്രോഗ്രാമിലൂടെ സംശയങ്ങൾ ചോദിക്കാം. വിവിധ പദ്ധതികൾ ലഭ്യമാകുന്നതിനു ഗുണഭോക്താക്കൾക്കുവേണ്ട യോഗ്യതകൾ, പദ്ധതിയുടെ മാനദണ്ഡങ്ങൾ, ഗുണഭോക്താക്കൾ സമർപ്പിക്കേണ്ട രേഖകൾ ഇവയുടെ വിശദാംശങ്ങൾ അറിയാനാകും. ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ അപേക്ഷകർ നേരിട്ട് ഹാജരാകേണ്ട തീയതിയും സമയവും ഓൺലൈനായി ഗുണഭോക്താക്കളെ അറിയിക്കും. കോളനികൾ കേന്ദ്രീകരിച്ചു പ്രമോട്ടർമാർ, സന്നദ്ധ പ്രവർത്തകർ വഴി ഓൺലൈൻ സേവനങ്ങളുടെ പരിചയപ്പെടുത്തലും പരിശീലനവും സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ക്രമീകരിക്കും.