mla
കൃഷി നാശം സംഭവിച്ച മേക്കടമ്പ് പാടശേഖരം എൽദോ എബ്രഹാം എം.എൽ.എ സന്ദർശിക്കുന്നു

മൂവാറ്റുപുഴ: വേനൽ മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ കൃഷി നാശം സംഭവിച്ച മേക്കടമ്പിലെ കർഷകർക്ക് കൈതാങ്ങായി ഹോർട്ടി കോർപ്പ്. ഞായറാഴ്ച വൈകിട്ടുണ്ടായ കാറ്റിൽ മേക്കടമ്പ് പാടശേഖരത്തിൽ വിളവെടുക്കാറായ ഏക്കർ കണക്കിന് കപ്പ കൃഷിയാണ് നശിച്ചത്. മേക്കടമ്പ് ചെന്തിലക്കാട്ടിൽ സി.സി. എബ്രഹാം, എടുക്കുഴി മാലിയിൽ ജോർജ് എന്നിവരുടെ വിളവെടുക്കാറായ ഉത്പന്നങ്ങളാണ് കാറ്റിലും മഴയിലും തകർന്നത്. എൽദോ എബ്രഹാം എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് കർഷകർക്ക് സഹായവുമായി ഹോർട്ടി കോർപ്പ് മുന്നോട്ട് വന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടമാണുണ്ടായത്. കൃഷി നാശം സംഭവിച്ച മേക്കടമ്പ് പാടശേഖരത്ത് എൽദോ എബ്രഹാം എം.എൽ.എ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, കൃഷി ഓഫീസർ മീര.ടി.എം എന്നിവർ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.

#ഹോർട്ടി കോർപ്പിന്റെ സ്റ്റാളുകളിൽ വില്പന

മേക്കടമ്പ് പാടശേഖരത്തിലെ വിളവെടുക്കാറായ കപ്പകളാണ് കാറ്റിൽ നിലംപൊത്തിയത്. ഇവിടെ നിന്നും കപ്പകൾ ശേഖരിച്ച് ഹോർട്ടി കോർപ്പിന്റെ സ്റ്റാളുകളിൽ വില്പന നടത്തും. ബാക്കി വരുന്ന കപ്പ കൃഷി വകുപ്പിന്റെ ജില്ലയിലെ ഇക്കോ ഷോപ്പുകളിലും വില്പന നടത്തുന്നതിനുള്ള നടപടികൃമങ്ങളും പൂർത്തിയാക്കും.