പറവൂർ : വടക്കേക്കര മുറവൻതുരുത്തിലെ ജൈവരാജ്യം ഓർഗാനിക് ഫാമിൽ ജൈവ പച്ചക്കറികളുടെ വിളവെടുപ്പാരംഭിച്ചു. വർഷങ്ങളായി തരിശുകിടന്ന സ്ഥലം അടുത്തിടെയാണ് കൃഷിക്കനുയോജ്യമായ രീതിയിൽ മാറ്റിയെടുത്താണ്. പാവൽ, പടവലം, വെണ്ട, വഴുതന, കുറ്റിവാളങ്ങ, കുറ്റി ബീൻസ്, വ്ളാത്താങ്കര ചീര എന്നീ ഇനങ്ങളാണ് കൃഷി ചെയ്തത്.
ഫാമിൽ വളർത്തുന്ന നാടൻ പശുക്കളുടെ ചാണകവും ഗോമൂത്രവും അനുബന്ധ വസ്തുക്കളും ഉപയോഗിച്ച് ജീവാമൃതവും പഞ്ചഗവ്യവും നിർമിച്ച് പൂർണമായും ജൈവകൃഷി മുറകളാണ് ഇവിടെ നടപ്പിലാക്കുന്നത്. വെച്ചൂർ, കാസർകോഡ് കുള്ളൻ, വടകര കുള്ളൻ, ഗിർ തുടങ്ങിയ ഇനം പശുക്കൾ ഫാമിലുണ്ട്. പച്ചക്കറികൾക്കു പുറമേ നാടൻ പശുവിന്റെ പാൽ, തൈര്, വെണ്ണ, നെയ് എന്നിവയും ഇവിടെനിന്ന് ലഭിക്കും. രക്തശാലി എന്ന ഔഷധനെല്ലും ഫാമിൽ കൃഷി ചെയ്യുന്നുണ്ട്.
ജൈവ പാവൽ വിളവെടുപ്പ് വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ്, കെ.വി. പ്രകാശൻ, കൃഷി അസിസ്റ്റന്റ് ഷിനു, അനിഷാദ് തുടങ്ങിയവർ പങ്കെടുത്തു.