നെടുമ്പാശേരി: കണ്ണിൽ വിറക്ചീള് തറിച്ച് ആഴത്തിൽ മുറിവേറ്റ വസന്തരാജന് അൻവർസാദത്ത് എം.എൽ.എ ഇടപ്പെട്ടതിനെ തുടർന്ന് ശസ്ത്രക്രിയക്ക് അവസരമൊരുങ്ങി. വെൽഡറായ ചെങ്ങമനാട് പുതുവാശേരി എളമനപ്പള്ളം വീട്ടിൽ വസന്തരാജന്റെ (60) വലതുകണ്ണിൽ വീട്ടിൽ വിറക് കൊത്തുന്നതിനിടെയാണ് ചീള് തറച്ച് ഞരമ്പിന് ആഴത്തിൽ മുറിവേറ്റത്. വീട്ടുകാർ രണ്ട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അടിയന്തര ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കും ഒരു ലക്ഷത്തിലധികം വേണ്ടി വരുമെന്നായപ്പോൾ തുക കണ്ടെത്താനാകാതെ വലഞ്ഞ കുടുംബം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറി. എന്നാൽ അവിടെ ശസ്ത്രക്രിയ സാദ്ധ്യമായില്ല.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചെങ്കിലും ലോക്ക് ഡൗൺ കാരണം വീട്ടിലേക്ക് മടങ്ങി. അതിനിടെ കണ്ണിന് വേദന ശക്തമാവുകയും ഞരമ്പിൽ നീർക്കെട്ടും പഴുപ്പും രൂക്ഷമാവുകയും ചെയ്തു. കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു. അതോടെ വസന്തരാജന്റെ ഭാര്യ പ്രമീള പൊതുപ്രവർത്തകരുടെ സഹായത്തോടെ അൻവർസാദത്ത് എം.എൽ.എയുടെ സഹായം തേടി. തുടർന്ന് എം.എൽ.എ സൗജന്യമായി ആംബുലൻസ് യാത്രാ സംവിധാനവും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തി. വഴിച്ചെലവിനുള്ള പണവും നൽകി.

ഇന്നലെ പുലർച്ചെ 4.30ന് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് ചികിത്സാ രേഖകളുമായി വസന്തരാജനും ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് തിരിച്ചു. അടുത്തദിവസം ശസ്ത്രക്രിയ നടത്തും.