നെടുമ്പാശേരി: പ്രവാസികളെ എത്രയുംവേഗം നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിഅംഗം എ.കെ. ആന്റണി എം.പി ആവശ്യപ്പെട്ടു. പ്രവാസികളെ തിരികെയെത്തിക്കാൻ നടപടിയെടുക്കാത്തതിനെതിരെ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പിയും എം.എൽ.എമാരും നെടുമ്പാശേരി വിമാനത്താവളത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയുടെ സമാപനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരന്തര സമ്മർദങ്ങൾക്കൊടുവിലാണ് പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് കേന്ദ്രസർക്കാർ തത്വത്തിൽ സമ്മതിച്ചത്. പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ അദ്ദേഹം നിരാശപ്പെടുത്തിയെന്നും ആന്റണി പറഞ്ഞു. പ്രവാസികളെ നാട്ടിലെത്തിക്കാൻ സമ്മർദം തുടർന്നേ മതിയാകൂ എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അല്ലങ്കിൽ പ്രവാസികളുടെ മടക്കം ഇനിയും നീണ്ടുപോയേക്കാം.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളും അന്താരാഷ്ട്ര വിമാനത്താവളങ്ങളായതിനാൽ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിമാനങ്ങളിൽ നാട്ടിലെത്താം. കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം തയാറാകണം. നാലിടത്തും പൂർണ ക്വാറന്റൈൻ സംവിധാനം ഏർപ്പെടുത്തുവാൻ സംസ്ഥാന സർക്കാരും നടപടിയെടുക്കണം. മടങ്ങിയെത്തുന്നവരിൽ പലരും സാമ്പത്തികമായി തകർന്നിരിക്കുകയാണ്. ഇവരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് കേന്ദ്രസർക്കാർ തയാറാക്കണം. നാട്ടിലെ എല്ലാ കാര്യങ്ങൾക്കും സഹായം നൽകിയ പ്രവാസികളെ മറക്കരുത്. പ്രവാസികളുടെ വിഷയത്തിൽ മുഖ്യമന്ത്രി കേരളത്തിലെ രാഷ്ട്രീയ കക്ഷികളെ വിശ്വാസത്തിലെടുക്കണം. ജില്ലാ കളക്ടർമാർ രാഷ്ട്രീയ പാർട്ടികളെയും എൻ.ജി.ഒ സംഘടനകളെയും വിശ്വാസത്തിലെടുക്കാനും തയ്യാറാകണമെന്നും എ.കെ. ആന്റണി പറഞ്ഞു.
# സാമൂഹ്യ അകലം പാലിച്ച് യു.ഡി.എഫ് ധർണ
നെടുമ്പാശേരി: 'പ്രവാസി മനസിനൊപ്പം: അവർ അന്യരല്ല, നമുക്ക് സ്വന്തം' എന്ന മുദ്രാവാക്യമുയർത്തി ബെന്നി ബഹനാനൊപ്പം അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ എന്നീ എം.എൽ.എമാരുമാണ് ധർണ നടത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോൺഫറൻസിലൂടെ ധർണ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ സമരത്തെ അഭിവാദ്യം ചെയ്തു. എം.എൽ.എമാരായ ടി.ജെ. വിനോദ്, വി.ഡി. സതീശൻ, പി.ടി. തോമസ്, മുൻ മന്ത്രി കെ. ബാബു, കെ.പി. ധനപാലൻ, ബി.എ. അബ്ദുൾ മുത്തലിബ്, ടി.എം. സക്കീർ ഹുസൈൻ, പി.ജെ. ജോയ് എന്നിവർ സമരപ്പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു.