കൊച്ചി: അടച്ചു പൂട്ടിയിരുപ്പ് അത്ര സുഖമുള്ള ഏർപ്പാടല്ലെന്ന് സ്ത്രീകൾ. ലോക്ക് ഡൗണിലെ തങ്ങളുടെ മാനസിക സംഘർഷങ്ങൾ കഥകളായും കവിതകളായും ശബ്ദസന്ദേശങ്ങളായും അവർ 'സമ്മർദ്ദപ്പെട്ടി' യിൽ നിക്ഷേപിച്ചു. മാനസിക പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിനായി കുടുംബശ്രീ സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് ആവിഷ്കരിച്ച കൗൺസലിംഗ് പരിപാടിയാണ് 'സമ്മർദ്ദപ്പെട്ടി' .

ഒരാഴ്‌ചയ്ക്കുള്ളിൽ 257 ഫോൺ കോളുകളും 89 സന്ദേശങ്ങളും എത്തി. തിരുവനന്തപുരം, തൃശൂർ തുടങ്ങി എല്ലാ ജില്ലകളിൽ നിന്നും കോളുകൾ എത്തി. കുടുംബ പ്രശ്‌നങ്ങൾ തന്നെയാണ് പലരും പങ്കുവച്ചത്. കൗൺസിലർ ജസ്മിൻ പറയുന്നു.
വിദേശമലയാളികളും മനസ് തണുപ്പിക്കാൻ നമ്പറിനെ ആശ്രയിച്ചിട്ടുണ്ട്. കൊവി​ഡ് വരുമോ എന്ന പേടിയാണ് വിദേശ മലയാളി വനിത പങ്കുവച്ചത്. കുഞ്ഞിനെ മറ്റുള്ളവർ ലാളിക്കുന്നത് അസുഖം വരുത്താൻ ഇടയാക്കുമോ എന്നാണ് മറ്റൊരു അമ്മയുടെ ആശങ്ക. ഒറ്റ ദിവസത്തെ കാര്യത്തിനായി വീട്ടിൽ നിന്നിറങ്ങി ലോക് ഡൗൺ മൂലം തിരിച്ച് വീട്ടിലെത്താൻ കഴിയാതെ ഒറ്റപ്പെട്ടു പോയവരുടെ സന്ദേശങ്ങളും എത്തി.

വീട്ടിലിരുപ്പ് തുടങ്ങിയതോടെ നേരത്തേയുള്ള കുടുംബ പ്രശ്‌നങ്ങൾ രൂക്ഷമാകുന്നതും അതി​ന്റെ മാനസിക വിഷമങ്ങളുമാണ് മറ്റൊരു വിഷയം. മനസ് ശാന്തമാക്കാൻ സമ്മർദ്ദപ്പെട്ടിയെ ആശ്രയിച്ച പുരുഷൻമാരുമുണ്ട്.
തങ്ങളുടെ കാര്യങ്ങൾ കേൾക്കാൻ ഒരാളുണ്ടായത് പലർക്കും ആശ്വാസമായി. പലരുടേയും പ്രശ്‌നങ്ങളിൽ ഇടപെടാനും പ്രശ്‌ന പരിഹാരമുണ്ടാക്കാനും കഴിഞ്ഞതായി
കൗൺസിലർമാർ പറഞ്ഞു.

കേൾക്കാനും പ്രശ്‌നങ്ങളിലിടപെടാനും കുടുംബശ്രീ സ്‌നേഹിത ഇപ്പോഴും തയ്യാറാണ് ഫോൺ : 8594034255.