കൊച്ചി: കൊവിഡ് വൈറസിനെ പ്രതിരോധിച്ച് മലപ്പുറം സ്വദേശി ഐസൊലേഷനിൽ കഴിഞ്ഞത് 41 ദിവസം. 36 ദിവസങ്ങൾ രോഗബാധിതനായി തുടർന്നു. രണ്ട് സാമ്പിൾ ഫലങ്ങളിൽ വൈറസില്ല എന്ന് ഉറപ്പു വരുത്തി ഇന്നലെ ഇയാൾ ആശുപത്രി വിട്ടു. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് കൂടിയ ദിവസങ്ങൾ ചികിത്സയിൽ കഴിഞ്ഞതും 22 കാരനായ ഇയാളാണ്
മാർച്ച് 18 നാണ് ലണ്ടനിൽ നിന്നും ഷാർജ വഴി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ നോഡൽ ഓഫീസർ ഡോ. ഫത്തഹുദ്ധീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ പി.വാഴയിൽ, ആർ.എം.ഒ ഡോ.ഗണേഷ് മോഹൻ, ഡോ. ജേക്കബ് കെ. ജേക്കബ്, ഡോ. റെനിമോൾ, ഡോ.വിധുകുമാർ, ഡോ. മനോജ് ആന്റണി, നഴ്‌സിംഗ് സൂപ്രണ്ട് സാൻറ്റി അഗസ്റ്റിൻ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു ചികിത്സ.
ചികിത്സയിലുടനീളം ആരോഗ്യനില തൃപ്തികരമായിരുന്നു. ഭേദപ്പെടാൻ കാലതാമസം ഉണ്ടായെങ്കിലും വളരെ ധീരമായാണ് ഇയാൾ ഇതിനെ നേരിട്ടത്. മരുന്നുകൾക്ക് പുറമേ മാനസിക പിന്തുണയും നൽകി.
ഡോ.തോമസ് മാത്യു, പ്രിൻസിപ്പൽ, എറണാകുളം മെഡിക്കൽ കോളേജ്