ആലുവ: ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിൽ വൻക്രമക്കേട് നടത്തുന്ന റേഷൻകടകളുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ബി.ജെ.പി എടത്തല പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വാങ്ങാത്ത ഉത്പന്നങ്ങൾ വാങ്ങിയതായി ഗുണഭോക്താക്കളുടെ ഫോണിൽ മെസേജ് വരുകയാണ്. സൗജന്യമായി ലഭിക്കേണ്ട അരിക്ക് ചിലയിടങ്ങളിൽ പണം ഈടാക്കുന്നതായും ബി.ജെ.പി ന്യൂനപക്ഷ മോർച്ച എടത്തല പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റഫീഖ് പറഞ്ഞു. എടത്തല മലയപ്പിള്ളി 45ാം നമ്പർ റേഷൻ കടയ്‌ക്കെതിരെ മുഹമ്മദ് റഫീക്ക് താലൂക്ക് സപ്ലൈ ഓഫീസിൽ പരാതി നൽകി.
പഞ്ചായത്ത് കമ്മറ്റി അദ്ധ്യക്ഷൻ എം.യു. ഗോപുകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപടന്ന, ട്രഷറർ അപ്പു മണ്ണാച്ചേരി, പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീകുമാർ കിഴുപ്പിള്ളി എന്നിവർ പ്രസംഗിച്ചു.