വൈപ്പിൻ : കൊവിഡ് നിയന്ത്രണ ഇളവുകൾപ്രകാരം മത്സ്യം പിടിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ 45 അടി നീളമുള്ള മത്സ്യബന്ധനബോട്ടുകളെയും കടലിൽ പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മുനമ്പം, മാല്യങ്കര, കുഞ്ഞിത്തൈ, പറവൂർ മേഖലയിലെ മത്സ്യബന്ധനബോട്ടുകളിലെ തൊഴിലാളികളാണ് നിവേദനം നൽകിയത്.

ഇളവ് പ്രകാരം ഇപ്പോൾ 32 അടി വരെ നീളമുള്ള ബോട്ടുകൾക്ക് മാത്രമേ ഫിഷറീസ് വകുപ്പ് അനുമതി നൽകിയിട്ടുള്ളൂ. ഇത്തരത്തിലുള്ള അഞ്ചോ ആറോ യാനങ്ങൾ മാത്രമേ ഈപ്രദേശത്തുള്ളൂ. അതിനാൽ ഈമേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ സാധിച്ചിട്ടില്ല. ഒന്നരമാസമായി മത്സ്യബന്ധനത്തിന് പോകാതെ വന്നതോടെ മത്സ്യത്തൊഴിലാളികൾ ദാരിദ്ര്യത്തിലാണ്. ഈ സമയത്ത് അനുവാദം നൽകിയില്ലെങ്കിൽ ഇനി മത്സ്യബന്ധനത്തിന് പോകാൻ ട്രോളിംഗ് നിരോധനം കഴിയുന്ന ജൂലായ് 31 വരെ കാത്തിരിക്കേണ്ടി വരുമെന്ന് മത്സ്യത്തൊഴിലാളികൾ നിവേദനത്തിൽ പറയുന്നു.