തോപ്പുംപടി: കൊറോണ ഹോട്ട് സ്പോട്ടായ പനയപ്പിളളിയിൽ ചെറിയ മുറിയിൽ 31 അന്യസംസ്ഥാന തൊഴിലാളികൾ . ആരോഗ്യ വിഭാഗം, പൊലീസ്, റവന്യു എൻഫോഴ്സ്മെൻറ് വിഭാഗം അധികാരികളും സ്ഥലത്ത് എത്തി. എട്ടാം ഡിവിഷനായ കൊച്ചിൻ കോളേജിന് സമീപത്താണ് വീട്. മാർക്കറ്റ്, വിദ്യാലയം, ആരോഗ്യ വിഭാഗം ഓഫീസ്, ശ്മശാനം എന്നിവ ഈ വീടിന് സമീപത്താണ് പ്രവർത്തിക്കുന്നത്. പുതിയ റോഡിലെ കരാറുകാരന് കഴിലുള്ള അന്യസംസ്ഥാനക്കാരായ നിർമ്മാണ തൊഴിലാളികളാണ് ഇവർ. ആദ്യം 16 പേരാണ് ഇവിടെ ഉണ്ടായിരുന്നത്.പിന്നീട് പല സ്ഥലങ്ങളിൽ നിന്നായി 15 പേർ കൂടി എത്തുകയായിരുന്നു. കരാറുകാരന്റെ മേൽനോട്ടത്തിലായിരുന്നു ഇവരുടെ ഭക്ഷണം.മുറിയിൽ 5 പേരിൽ കൂടുതൽഉണ്ടെങ്കിൽ മാറ്റി പാർപ്പിക്കണമെന്ന ആരോഗ്യ വിഭാഗത്തിന്റെ ഉത്തരവ് നിലനിൽക്കെയാണ് ഒരു മുറിയിൽ 31 പേർ തിങ്ങി പാർത്തത്.ഇവരെ പിന്നീട് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി.അതേ സമയം ഹോട്ട് സ്പോട്ട് മേഖലയായ പനയപ്പിള്ളി, ചുള്ളിക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ ബേക്കറി, ഭക്ഷണശാലകൾ, പച്ചക്കറിസ്റ്റാൾ, മീൻ - ഇറച്ചി സ്റ്റാൾ തുടങ്ങിയ സ്ഥലങ്ങൾ പരിശോധന നടത്തി അണുവിമുക്തമാക്കി. സൂപ്രണ്ട് ഡോ.സ്മിജി, ഹെൽത്ത് ഇൻസ്പെക്ടർ ജെറി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്റ്റാൻലി, തഹസിൽദാർ ജോസഫ്, നദിയ എന്നിവർ നേതൃത്വം നൽകി.

ലോക്ക് ഡൗൺ ഒരു മാസം പിന്നിട്ടപ്പോഴാണ് അധികൃതർ അറിഞ്ഞത്

ഇവരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി.

ആരോഗ്യ വകുപ്പ് കടകൾഅണുവിമുക്തമാക്കി