അങ്കമാലി: വ്യാജമദ്യ നിർമ്മാണത്തിനായി കൊണ്ടുവന്ന 100 ലിറ്റർ സ്പിരിറ്റുമായി 5 യുവാക്കളെ കാലടി പൊലീസ് അറസ്റ്റുചെയ്തു. മാണിക്യമംഗലം കോലഞ്ചേരി വീട്ടിൽ ജോസിന്റെ മകൻ ഫ്രെഡി (24), അങ്കമാലി പറക്കുളം പള്ളിപ്പാട് വീട്ടിൽ ഡിക്‌സന്റെ മകൻ സോണാ ഡിക്‌സൺ (34), അങ്കമാലി ബസലിക്കക്ക് സമീപം വടക്കൻവീട്ടിൽ തോമസിന്റെ മകൻ അനുതോമസ് (30), നായത്തോട് മേനാച്ചേരി ആന്റണിയുടെ മകൻ ബിനിൽ (28), ഇവർക്ക് സിപിരിറ്റ് ഏർപ്പാട് ചെയ്തുകൊടുത്ത അങ്കമാലി ടൗൺ കോളനിയിൽ പള്ളിപ്പുറം വീട്ടിൽ വർഗീസിന്റെ മകൻ സജിത്ത് (34) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
പ്രതികൾ ആലുവയിൽ നിന്ന് സാനിറ്റൈസർ നിർമ്മിക്കുന്നതിനുള്ള സ്പിരിറ്റ് കൊണ്ടുവന്ന് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ എസൻസ്‌ചേർത്ത് കളർ മാറ്റി ബ്രാണ്ടിയാക്കി വില്പന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മറ്റൂരിലുള്ള വാട്ടർ സർവീസ് സെന്ററിൽവച്ചായിരുന്നു വ്യാജബ്രാണ്ടി നിർമ്മാണം. ലിറ്ററിന് 3500 രൂപ വിലക്കാണ് മദ്യം വിറ്റിരുന്നത്. പൊലീസിനു കിട്ടിയ രഹസ്യസന്ദേശത്തെതുടർന്ന് ഈ കേന്ദ്രം രണ്ടു ദിവസമായി പൊലീസ് നിരീക്ഷണത്തിലായിന്നു.
സ്പിരിറ്റ് ഏർപ്പാട് ചെയ്തുകൊടുത്ത സജിത്ത് പച്ചക്കറി വ്യാപാരിയിൽ നിന്ന് 6 ലക്ഷം രൂപ കവർച്ച നടത്തിയകേസിൽ തമിഴ്‌നാട് ജയിലിൽനിന്ന് അടുത്തകാലത്ത് ജാമ്യത്തിലിറങ്ങിയതാണ്. കവർച്ചാ കേസിൽ ഇയാൾക്ക് മുംബയ് പൊലീസിന്റെ വാറണ്ട് നിലവിലുണ്ട്. 76000 രൂപയും വ്യാജമദ്യ വില്പനകേന്ദ്രത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
കാലടി എസ്. എച്ച്. ഒ എം.ബി. ലത്തീഫ്, എസ്. ഐമാരാെ സ്റ്റെപ്ടോ ജോൺ, ദേവസി , ജോണി, എ.എസ്.ഐ അബ്ദുസത്താർ, എസ്.പി. ഒമാരായ അനിൽകുമാർ, വിൽസൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ്‌ചെയ്തത്.