കൊച്ചി: ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ വളർന്നുവരുന്ന കൂട്ടുകെട്ടിന്റെ തെളിവാണ് സ്‌പ്രിൻക്ളർ മുതൽ അർണാബ് ഗോസാമി കേസുകളെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ ആരോപിച്ചു.
സ്‌പ്രിൻക്ളർ കരാറിനെ പ്രതിപക്ഷ പാർട്ടികളെല്ലാം എതിർത്തപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിക്കുന്ന നിലപാടാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സ്വീകരിച്ചതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സോണിയാ ഗാന്ധിക്കെതിരെ പരാമർശം നടത്തിയ അർണോബിനെതിരായ പരാതിയിൽ കേരളത്തിൽ മാത്രം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ല. താനും പി.സി. വിഷ്ണുനാഥും സമർപ്പിച്ച പരാതികൾ നിലനിന്നിട്ടും കേസെടുക്കാത്തത് മുഖ്യമന്ത്രിക്ക് ബി.ജെ.പിയോടുള്ള കരുതലാണ്. സുപ്രീം കോടതിയിൽ 17 തവണ മാറ്റിവച്ച ലാവ്‌ലിൻ കേസിൽ പിണറായിയെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ അഭിഭാഷകൻ സ്വീകരിച്ചത്. ബി.ജെ.പിക്കും ആർ.എസ്.എസിനും അനുകൂലമായ നിലപാട് പിണറായി സ്വീകരിക്കുന്നത് അടുത്ത തിരഞ്ഞെടുപ്പിന് രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ആരോപിച്ചു.