കോലഞ്ചേരി: തിരുവാണിയൂരിൽ ബൈക്ക് കച്ചവടത്തെ തുടർന്നുണ്ടായ സാമ്പത്തിക ഇടപാടുകളിലെ തർക്കത്തെ തുടർന്ന് ഗുണ്ടാ ആക്രമണം. എട്ടു പേർ പിടിയിൽ.നെച്ചൂർ മണക്കാത്തോട്ടത്തിൽ പ്രശാന്ത് (23), പുതുപ്പനം പാലക്കുന്നേൽ ആൽബിൻ (24), പത്തനംതിട്ട പൂപ്പൻകാലായിൽ സുഭാഷ് (24), ആറ്റിനിക്കര പുളിനിരപ്പേൽ ബിബി പൗലോസ് (24), കക്കാട്ടുകാലൻ സാജൻ (23), മണീട് ചീരത്താനത്ത് എൽദോസ് (22), തെക്കേടത്ത് അഭിജിത്ത് (23), അജിൻ ഏലിയാസ് (23) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. തർക്കവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് തിരുവാണിയൂർ കണ്യാട്ടുനിരപ്പിൽ വെച്ചുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് വെട്ടേറ്റിരുന്നു. ഇതിൽ പകരം വീട്ടാൻ പഴുക്കാമറ്റം തെക്കുഞ്ചേരി ഭാഗത്ത് നാലുകണ്ടത്തിൽ വീടുകയറി ആക്രമണം നടത്തി. സംഘർഷത്തിൽ വീട്ടുകാരി കുഞ്ഞുമോൾ ഏലിയാസിന് പരിക്കേറ്റു. ഇവർ പുത്തൻകുരിശ് പൊലീസിൽ നൽകിയ പരാതിയിലാണ് ഇരു വിഭാഗങ്ങളിലേയും പ്രതികളെ പൊലീസ് പിടികൂടിയത്. കോലഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.