ലോക്ക് ഡൗണും ഹോട്ട് സ്പോട്ടും തടസമായില്ല

കൊച്ചി:സിജിമോൾ താലിയെടുത്ത് നൽകിയപ്പോൾ ശ്യാം പരമാര ദേവിയെ കൈകൂപ്പി വണങ്ങി. ക്ഷേത്ര നടയ്‌ക്ക് മുന്നിൽ പൂജാരിയും സഹായിയും വധൂവരന്മാരും ഇവരുടെ

ഒരു സുഹൃത്തും മാത്രം. ദിശയുടെ കഴുത്തിലേക്ക് ശ്യാം താലി ചാർത്തുമ്പോൾ കൊട്ടും കുരവയും ഉണർന്നില്ല. ക്ഷേത്രത്തിന് പുറത്തു നിന്ന് കൂട്ടുകാർ സന്തോഷ പൂക്കൾ വിതറി. ലോക്ക് ഡൗണിൽ കുടുങ്ങിയതിനാൽ ഇരുവരുടെയും മാതാപിതാക്കൾക്ക് മക്കളെ നേരിട്ട് അനുഗ്രഹിക്കാനാവാത്തതിന്റെ സങ്കടമുണ്ടെങ്കിലും മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ അവർ വീട്ടിലിരുന്ന് സർവ്വമംഗളങ്ങൾ നേർന്നു.

എറണാകുളം കലൂർ കതൃക്കട‌വ് വൈലോപ്പിള്ളിയിൽ പരേതനായ പി.എ. മോഹനന്റെയും ശാന്തകുമാരിയുടെയും മകനാണ് ശ്യം. ഈ പ്രദേശം ഹോട്ട് സ്‌പോട്ടിലായതിനാൽ ആർക്കും പുറത്തിറങ്ങാനാവില്ല. ചങ്ങനാശേരി കുറിച്ചി ചെറുവള്ളിക്കുഴിയിൽ പി.കെ.ഗോപിയുടെയും ലീലയുടെയും മകളാണ് ദിശ. ജില്ല കടക്കേണ്ടതിനാൽ അവിടെ നിന്നും ആർക്കും എത്താനായില്ല.

ഇൻകംടാക്സ് കൊച്ചി ഓഫീസിൽ ടാക്സ് അസിസ്‌റ്റാണ് ശ്യാം. ദിശ സ്വന്തമായി എറണാകുളത്ത് ഹോസ്‌റ്റൽ നടത്തുന്നു. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം നടത്താൻ തീരുമാനിച്ച സമയത്താണ് ലോക്ക് ഡൗൺ. പിന്നീട് മറ്റൊരു തീയതി വീട്ടുകാർ തീരുമാനിച്ചെങ്കിലും ലോക്ക് ഡൗൺ നീട്ടി. ജ്യോതിഷ വിശ്വാസ പ്രകാരം ഈ മാസം തന്നെ വിവാഹം നടത്തേണ്ടതിനാലാണ് കൂട്ടുകാരുടെ സഹായത്തോടെ ഇരുവരും കതിർ മണ്ഡപത്തിൽ എത്തിയത്. ദിശയും എറണാകുളത്ത് തന്നെയുണ്ടായിരുന്നു.

എറണാകുളം പരമാര ക്ഷേത്രത്തിൽ ഭാരവാഹികളുടെ കർശന നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു വിവാഹം. താലിയെടുത്ത് നൽകിയ സിജി മോൾ ശ്യാംമിന്റെ സുഹൃത്തായ ജിബിൻ ആന്റണിയുടെ ഭാര്യയാണ്. വധൂവരന്മാർക്കൊപ്പം താലികെട്ടിന് ഉണ്ടായിരുന്നത് സിജിമോൾ മാത്രം.

ബൈക്ക് യാത്രാ സംഘമായ ടീം 135 ലെ അംഗമാണ് ശ്യാം. ഈ സംഘമാണ് വിവാഹത്തിന്റെ നേതൃത്വം നൽകിയത്. ശ്യാമിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ പൊലീസ് തടഞ്ഞെങ്കിലും വിവാഹവേഷം കണ്ട് കാര്യം മനസിലായതോടെ വിട്ടയച്ചു. ശ്യാമിന്റെ അമ്മയും അമ്മൂമ്മയും പ്രായമുള്ളവരായതിനാൽ പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല. വിവാഹത്തിനായി സ്വരുക്കൂട്ടിയ പണം സന്നദ്ധപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് ഇരുവരുടെയും തീരുമാനം.